"അവരുടെ ചിരി നാം കാക്കേണ്ടവര്‍'; ഒരു ശിശുദിനം കൂടി...
Tuesday, November 14, 2023 9:57 AM IST
വീണ്ടുമൊരു ശിശുദിനം എത്തിയിരിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി കൊണ്ടാടുന്നത്.1964 ല്‍, നെഹ്റുവിന്റെ മരണശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്.
എന്നാല്‍ നവംബര്‍ 20 ആണ് ആഗോളതലത്തില്‍ ശിശുദിനമായി ആഘോഷിക്കുന്നത്. ഇതിനൊക്കെ മുമ്പേ, 1857ല്‍ റോസ് ഡേ എന്ന പേരില്‍ ജൂണ്‍ രണ്ടാം ഞായറാഴ്ച കുട്ടികള്‍ക്കായുള്ള ദിനമായി ആചരിച്ചു തുടങ്ങിയിരുന്നു.
പിന്നീട് പല രാജ്യങ്ങളും കുട്ടികളുടെ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര ദിനം ജൂണ്‍ ഒന്ന്, ശിശുദിനമായി ആഘോഷിച്ചുതുടങ്ങി. ഏതാണ്ട് 117 രാജ്യങ്ങള്‍ നിലവില്‍ ശിശുദിനം ആഘോഷിക്കാറുണ്ട്.
പലരും പലദിനമാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നുമാത്രം. ചൈന ജൂണ്‍ ഒന്നിനും ജപ്പാന് മേയ് അഞ്ചിനും തായ്വാന് ഏപ്രില്‍ നാലിനും ബ്രസീല്‍ ഒക്ടോബര്‍ 12നും നൈജീരിയ മേയ് 27നും ഒക്കെയാണ് ഈ ദിനം കൊണ്ടാടുന്നത്.
18 വയസില്‍ താഴെയുള്ളവരെയാണ് നാം കുട്ടികളായി പരിഗണിക്കുന്നത്. ഇവരോട് ദേശം, ഭാഷ, മതം, സാമ്പത്തികം എന്നിവ പ്രകാരമൊന്നും യാതൊരുതരം വിവേചനവും പാടില്ല എന്നതും കൂടിയാണ് ശിശുദിനം ഓര്‍മിപ്പിക്കുന്നത്.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നിലവില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ലോകത്തിന്റെ പലകോണിലും എന്തിനേറെ സ്വന്തം വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരാകുന്നില്ല. യുദ്ധങ്ങളിലും കലാപങ്ങളിലും ഒക്കെയായി ഒരുദിവസം ശരാശരി 20 കുട്ടികള്‍ക്ക് ജീവന് നഷ്ടപ്പെടുന്നു എന്നാണ് അന്താരാഷ്ട്ര കണക്കുകള്‍.
കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണവും ലൈംഗിക അതിക്രമങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെ ആവിര്‍ഭവിച്ച നിയമായിരുന്നു പോക്സോ. 2012 നവംബര്‍ 14നാണ് പോക്സോ നിയമം രാജ്യത്ത് നിലവില്‍ വന്നത്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം മറച്ചുപിടിക്കുന്നതും പോക്സോ നിയമമനുസരിച്ച് കുറ്റകരമാണ്. എന്നാല്‍ നമ്മുടെ ഇടയില്‍ പോക്സോ കേസുകള്‍ ഇരട്ടിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ആകെ 4,582 പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 5,002 പ്രതികളെ ഹാജരാക്കുകയും ചെയ്തു.
ഇതില്‍ 4,643 പുരുഷന്മാരും 115 സ്ത്രീകളുമാണ്. പല കുട്ടികളും സ്വന്തം വീടുകളില്‍ പോലും ലൈംഗികാതിക്രമത്തിന് ഇരയായതായും റിപ്പോര്‍ട്ടിലുണ്ട്. അയല്‍വാസികളും അധ്യാപകരും പോലും പ്രതിപട്ടികയിലുണ്ട്.
കേരളാ പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പ്രകാരം 2022ല്‍ 4,518 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016ല്‍ ഇത് 2,131 മാത്രമായിരുന്നു.
ചിന്തിക്കേണ്ട ഒരു കാര്യം കോവിഡ് കാലത്ത്, അതായത് കുട്ടികള്‍ മിക്കപ്പോഴും തങ്ങളുടെ വീടുകളില്‍ ഉള്ള കാലത്ത് പോക്സോ കേസുകള്‍ 3,000ല്‍ അധികം ആയിരുന്നു എന്നതാണ്.
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ കുഞ്ഞും ഈ ശിശുദിനത്തില്‍ നമുക്ക് മുന്നിലുണ്ട് ഇപ്പോഴും പുറംലോകം അറിയാത്ത നിരവധി കേസുകളും നമ്മുടെ സമൂഹത്തിലുണ്ട്.
കുട്ടികളെ മാനസിക ആരോഗ്യമുള്ളവരാക്കി മാറ്റേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഒരു കുട്ടിക്ക് മനസുതുറന്നു ചിരിക്കാന്‍ കഴിയുന്നില്ല എങ്കില്‍, ആര്‍ത്തുല്ലസിക്കാന്‍ ആകുന്നില്ല എങ്കില്‍ നാം മനസിലാക്കേണ്ടത് നമ്മുടെ സമൂഹം ഒട്ടും പുരോഗമിച്ചില്ല എന്നതാണ്.
ചുറ്റുമുള്ള കുട്ടികളുടെ പുഞ്ചിരിക്ക് കാരണമാകാന്‍ നാം ഓരോരുത്തര്‍ക്കും കഴിയട്ടെ. എല്ലാ കുഞ്ഞുങ്ങള്‍ക്കും ദീപിക ഡോട്ട്കോമിന്റെ ശിശുദിനാശംസകള്‍