നൂറ്റിരണ്ടാം വയസില്‍ നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍; കലാവതി ദേവിയെന്ന വിസ്മയം
Saturday, November 11, 2023 3:45 PM IST
എത്രകാലം ജീവിച്ചിരുന്നു എന്നതല്ല. എത്രകാലം ആരോഗ്യത്തോടെ ഇരുന്നു എന്നതിലാണ് കാര്യമെന്ന് അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ മിക്കവരും തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താറില്ല.
പലരും പ്രായമാകുമ്പോഴാണ് ഇത്തരത്തില്‍ ഒതുങ്ങിക്കൂടുക. പക്ഷേ എല്ലാവരും അങ്ങനെയല്ല. അതിനൊരുദാഹരണം കഴിഞ്ഞദിവസം യുപിയിലെ വാരാണസിയിലെ ബിആര്‍ അംബേദ്കര്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ കാണുകയുണ്ടായി.
ഇവിടെ നടന്ന സന്‍സദ് ഖേല്‍ മത്സരത്തിന്റെ നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കാനെത്തിയ മത്സരാര്ഥിയെക്കണ്ട് എല്ലാവരും അമ്പരന്നു. കൗമാരക്കാര്ക്കാപ്പം മത്സരിക്കാന്‍ ഇറങ്ങിയത് ഒരു 102 വയസുകാരി ആയിരുന്നു.
കലാവതി ദേവി എന്നായിരുന്നു അവരുടെ പേര്. വെള്ളസാരി ഉടുത്ത് സ്പോര്‍ട്സ് ഷൂ ധരിച്ച് ചുറുചുറക്കോടെ അവര്‍ മൈതാനത്ത് എത്തിയപ്പോള്‍ പലരും ഞെട്ടി.
മത്സരത്തില്‍ 18 വയസുകാര്ക്കൊപ്പം ഓടിയത്താന്‍ ആയില്ലെങ്കിലും കലാവതി ഈ ദൂരം നടന്നെത്തി. 12.56 മിനിറ്റ് എടുത്താണ് അവര്‍ മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ വീറോടെ പങ്കെടുത്ത കലാവതി ദേവിക്ക് സമ്മാനം നല്കാന് സംഘാടകര്‍ മറന്നില്ല.
സ്ഥിരമായി രാവിലെ നടക്കുന്നയാളാണ് കലാവതി. കായികസംഘടനകളുമായി അടുത്തു പ്രവര്‍ത്തിക്കുന്ന കലാവതിയുടെ അനന്തരവന് അശോക് കുമാര്‍ സിംഗും ഭാര്യ ആശയുമാണ് സ്പോര്‍ട്സിനോടുള്ള കലാവതിയുടെ താത്പര്യം തിരിച്ചറിഞ്ഞത്. അവര്‍ തന്നെയാണ് ഈ മത്സരത്തിലേക്ക് കലാവതിയെ എത്തിച്ചതും.
എന്നാല്‍ മത്സരം തുടങ്ങും മുമ്പ് കലാവതിക്ക് വൈറല്‍ പനി വന്നു. പേശീവേദനയും ഉണ്ടായി. അതിനാല്‍ മ്സരത്തില് പങ്കെടുക്കാന്‍ ആകുമോ എന്നവര്‍ ആശങ്കപ്പെട്ടിരുന്നു. പക്ഷേ കാല് അനക്കാന്‍ തുടങ്ങിയപ്പോള്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള ആഗ്രഹം കലാവതി വീണ്ടും പ്രകടിപ്പിച്ചു.
എന്തായാലും കലാവതി വലിയ മാതൃകയാണെന്ന് നെറ്റിസണും പറയുകയാണിപ്പോള്‍.