"ഇന്തോനേഷ്യയിലെ സ്മോക്കിംഗ് ബേബി' ഇപ്പോള്‍ ഇങ്ങനെയാണ്
Wednesday, November 8, 2023 2:26 PM IST
നിങ്ങള്‍ സൈബര്‍ ലോകത്ത് സജീവമാണെങ്കില്‍ ഓര്‍മയിലുണ്ടാകുന്ന ഒരാളാകും ഒരുദിവസം 40 സിഗരറ്റ് വലിക്കുന്ന ഒരു ചെറിയകുട്ടി. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് "ഇന്തോനേഷ്യയിലെ സ്മോക്കിംഗ് ബേബി' എന്ന പേരില്‍ അറിയപ്പെട്ട ആളായിരുന്നാ രണ്ടുവയസുകാരന്.
അല്‍ദി റിസാല്‍ എന്നായിരുന്നു ഈ കുട്ടിയുടെ പേര്. ഈ കുട്ടി സിഗരറ്റ് വലിക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ ആകെ അസ്വസ്ഥത പടര്‍ത്തിയിരുന്നു. പുകയില നിര്‍മാതാക്കളുടെ സങ്കേതമെന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഇന്തോനേഷ്യയില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന വിമര്‍ശനവും അന്നുയര്‍ന്നിരുന്നു.
പുകയിലയുടെ ദൂഷ്യവും കുട്ടികളുടെ സംരക്ഷണവും ആരോഗ്യവുമൊക്കെ അന്ന് വലിയ ചര്‍ച്ചയായി മാറി. ഇപ്പോഴിതാ 13 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കുട്ടി വീണ്ടും സമൂഹ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നു.
ദക്ഷിണ സുമാത്രയിലെ തെലുക്ക് കെമാംഗ് സുംഗൈ ലിലിന് ഗ്രാമത്തിലാണ് അല്‍ദി താമസിക്കുന്നത്. എന്നാല്‍ ഇന്ന് അല്‍ദി എന്ന കൗമാരക്കാരന് ഒരു പുകവലിക്കാരന് അല്ല. മറിച്ച് സ്കൂളില്‍ പോവുകയും നല്ല നിലയില്‍ പഠിക്കുകയും ചെയ്യുന്നു അവന്.
നിറയെ വയലുകളാല് ചുറ്റപ്പെട്ട തന്റെ ഗ്രാമത്തില്‍ സാധാരണ കുട്ടികളെ പോലെ കളിച്ചും ചിരിച്ചും നടക്കുന്നു. അതിനു കാരണക്കാരന്‍ ആ രാജ്യത്തെ പ്രമുഖ ശിശു മനഃശാസ്ത്രജ്ഞന്, ദേശീയ കമ്മീഷന് ചെയര്മാന് ഡോ. സെറ്റോ മുള്യാദി ആണ്.
അല്‍ദിയുടെ പുകയില ആസക്തി യൂട്യൂബ് വഴി മനസിലാക്കിയ അദ്ദേഹം ആ കുട്ടിയെ വീണ്ടെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം ഈ കുട്ടിക്ക് ശരിയായ ചികിത്സ നല്കി.
ഡോ. സെറ്റോ കുട്ടിയുടെ സിഗരറ്റ് വലിയുടെ എണ്ണം ദിനംപ്രതി കുറച്ചുകൊണ്ടുവന്നു. കൂടാതെ അവന്റെ ശ്രദ്ധയെ ഓട്ടം, ചാട്ടം, കളികള്‍ എന്നിവയിലേക്ക് തിരിച്ചു. ചികിത്സ തീവ്രമായതിനാല്‍ അല്‍ദി ഡോക്ടര്‍ക്കൊപ്പം ജക്കാര്‍ത്തയിലേക്ക് ഏതാനും മാസങ്ങള്‍ മാറിത്താമസിക്കേണ്ടിയും വന്നു.
എന്തായാലും ഈ ചികിത്സ വളരെ ഗുണം ചെയ്തു. സിഗരറ്റില്‍ നിന്നും ഭക്ഷണത്തിലേക്ക് അല്‍ദിയുടെ ശ്രദ്ധ മാറിയതിനാല്‍ അല്പം വണ്ണം വയ്ക്കുകയുണ്ടായി. എന്തായാലും ആ കുട്ടി ഇനി പുകവലിക്കില്ല എന്നത് വലിയ കാര്യമായി എല്ലാവരും കരുതുന്നു.
പക്ഷേ, പ്രതിദിനം 2,67,000-ത്തിലധികം കുട്ടികള്‍ പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ എന്ന വസ്തുത ബാക്കി നില്ക്കുന്നു...