പലതരം മോഷണങ്ങള്‍ നാം കേട്ടിരിക്കുമല്ലൊ. എന്നാല്‍ ഒരു ടോയ്‌ലറ്റ് നാലുപേര്‍ ചേര്‍ന്നു മോഷ്ടിച്ചെന്നുകേട്ടാല്‍ ആരുമൊന്നു അമ്പരക്കില്ലെ. പക്ഷേ സത്യമാണ്. എന്നാല്‍ ഇതത്ര സാധാരണ ടോയ്‌ലറ്റ് അല്ലതാനും.

യുകെയിലെ ബ്ലെന്‍ഹൈം പാലസില്‍ നിന്നുള്ള ടോയ്‌ലറ്റ് ആണ് നാലുപേര്‍ ചേര്‍ന്നു കവര്‍ച്ച ചെയ്തത്. അതിനുകാരണം ഈ ടോയ്‌ലറ്റ് സ്വര്‍ണത്താല്‍ നിര്‍മിച്ചതായിരുന്നു. 4.8 ദശലക്ഷം പൗണ്ട് (ഏകദേശം 50 കോടി രൂപയ്ക്ക് തുല്യം) വിലയുള്ളതാണിത്.

ഇംഗ്ലണ്ട് മുന്‍ പ്രധാനമന്ത്രിയും യുദ്ധകാല നേതാവുമായ സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമാണ് ബ്ലെന്‍ഹൈം പാലസ്. ഒരു ആര്‍ട്ട് ഇന്‍സ്റ്റാലേഷന്‍റെ ഭാഗമായി പ്രശസ്ത ഇറ്റാലിയന്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് മൗറിസിയോ സൃഷ്ടിച്ചതാണ് ഈ ടോയ്‌ലറ്റ്.


ആളുകള്‍ക്ക് ഈ ടോയ്‌ലെറ്റ് കാണാനുള്ള സജ്ജീകരണങ്ങളൊക്കെ അധികൃതര്‍ ഒരുക്കിയിരുന്നു. എന്നാല്‍ 2019ല്‍ വെല്ലിംഗ്ബറോയിലെ ജെയിംസ് ഷീ(39), അസ്‌കോട്ടിലെ ഫ്രെഡ് ഡോ (35), വെസ്റ്റ് ലണ്ടനിലെ ബോറ ഗുക്കുക്ക് (39), ഓക്സ്ഫോര്‍ഡിലെ മൈക്കല്‍ ജോണ്‍സ് (38) എന്നിവര്‍ ചേര്‍ന്ന് ഇത് മോഷ്ടിക്കുകയായിരുന്നു.

തേംസ് വാലി പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തു. ഈ നാല് പേരും ഈ മാസം 28ന് ഓക്സ്ഫോര്‍ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം. എന്തായാലും ഈ ഒരൊറ്റ മോഷണം നിമിത്തം ലോകമാകെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഇവർ.