വലിയ ശബ്ദങ്ങളാല്‍ മരണപ്പെടുന്ന പമേലയുടെ പക്ഷികള്‍; ഒരു വിചിന്തനം
Tuesday, November 7, 2023 1:08 PM IST
പല മനുഷ്യരും ജീവിതത്തെ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി പല മാര്‍ഗങ്ങളും അവര്‍ കണ്ടെത്തുന്നു. ചിലര്‍ യാത്രകളിലൂടെ ആനന്ദം കണ്ടെത്തുമ്പോള്‍ ചിലര്‍ മറ്റു രീതികള്‍ അവലംബിക്കുന്നു.
എന്നാല്‍ ഈ ഭൂമിയുടെ അവകാശികള്‍ നാം മാത്രമല്ല എന്ന യാഥാര്‍ഥ്യം മറന്നാണ് പലരും പ്രവര്‍ത്തിക്കാറുള്ളത്. ഇത്തരത്തില്‍ സ്വന്തം സന്തോഷത്തിനുവേണ്ടി മാത്രം മനുഷ്യര്‍ പരിശ്രമിക്കുമ്പോള്‍ ഇല്ലാതാകുന്ന ഒരുപാട് ജീവജാലങ്ങളുണ്ട്.
യുകെയിലെ ഗ്ലാമോര്ഗന് താഴ്വരയിലെ ക്നാപ്പിലെ കടല്‍ത്തീരത്ത് താമസിക്കുന്ന ഒരാളാണ് പമേല ഡംഗേ. ശാരീരിക വൈകല്യമുള്ള ഒരാളാണിവര്‍. പമേലയ്ക്കൊരു ബഡ്ഗി ഉണ്ടായിരുന്നു. ഒരിനം തത്തയാണിത്.
ടോം എന്നായിരുന്നു പമേല ഈ തത്തയ്ക്ക് നല്‍കിയിരുന്ന പേര്. പമേലയുമായി ഏറെ അടുപ്പം ഈ പക്ഷി സൂക്ഷിച്ചിരുന്നു. പമേലയുടെ സന്തോഷംതന്നെ ഈ പക്ഷി ആയിരുന്നെന്ന് പറയാം.
എന്നാല്‍ കഴിഞ്ഞദിവസം കടല്ത്തീരത്തൊരു ആഘോഷം നടന്നു. നിരവധിപേര്‍ അതില്‍ പങ്കെടുക്കുകയും കരിമരുന്നു പ്രയോഗം നടത്തുകയും ഒക്കെ ചെയ്തു. പടക്കങ്ങളുടെ ശബ്ദം ക്രമാതീതമായിരുന്നു.
അതിന്റെ ഫലമായി ടോം ആകെ ഭയന്നുപോയി. അത് പമേലയുടെ അരികില്‍ ഇരിക്കുകയും വെടിക്കെട്ട് നിമിത്തം കുഴഞ്ഞുവീഴുകയുമുണ്ടായി. പമേല സിപിആര്‍ നല്കി ആ പക്ഷിയെ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല.അതിന്റെ കുഞ്ഞുഹൃദയം ഈ വലിയ ശബ്ദത്താല്‍ തകര്‍ന്നിരുന്നു.
ടോം ചത്തത് പമേലയില്‍ വലിയ ദുഃഖവും രോക്ഷവും ഉളവാക്കി. പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളെ ഉള്‍ക്കൊള്ളാതെ മനുഷ്യര്‍ നടത്തുന്ന ഇത്തരം ആഘോഷങ്ങള്‍ക്കെതിരേ അവര്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതുകയുണ്ടായി.
പലരും തങ്ങളുടെ പ്രിയപ്പെട്ട പക്ഷികളും മൃഗങ്ങളും ഇത്തരത്തില്‍ ദാരുണമായി ചത്ത കഥ പങ്കുവച്ചു. ഇത്തരം അനധികൃത ആഘോഷങ്ങള്‍ക്കെതിരേയും ക്രമാതീതമായ കരിമരുന്നുപ്രയോഗത്തിനെതിരേയും പലരും രംഗത്തെത്തി. ഇക്കാര്യത്തില്‍ യുകെ സര്‍ക്കാര്‍ ഉടനടി ഇടപെടുമെന്നാണ് പമേലയും സുഹൃത്തുക്കളും കരുതുന്നത്.
പമേലയും ടോമും നമ്മളെയും പലതും ചിന്തിപ്പിക്കുയാണ്. "മനനം ചെയ്യുന്ന ജീവി' എന്ന അഹങ്കാരം ഉള്ളപ്പോഴും ശരിക്കും നമ്മള് ചിന്തിക്കുന്നുണ്ടൊ എന്ന ചോദ്യം യഥാര്‍ഥത്തില്‍ അവശേഷിക്കുന്നു.
അതേ ഈ ഭൂമിക്ക് നമ്മളേക്കാള്‍ അവകാശമുള്ള നിരവധി ജീവജാലങ്ങളുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ നാമത് മറക്കരുത്. ആ പക്ഷികള്‍ തങ്ങളുടെ പാട്ടുകളുമായി ഇനിയും പറന്നുകൊള്ളട്ടെ...