"പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങളെന്റെ കണ്ണുകളെ ഈറനണിയിച്ചു'
Saturday, November 4, 2023 9:58 AM IST
സ്കൂള്‍ കാലം, സ്കൂള്‍ സൗഹൃദം ഇവയൊക്കെ ഒരു കാലത്തും ഒരുമനുഷ്യന്റെ ഹൃദയത്തില്‍ നിന്നും മായില്ല. അത്രമേല്‍ ആര്‍ദ്രവും അത്രമേല്‍ ഹൃദ്യവുമാണ് അക്കാലം. അവിടെ നിന്നും പടിയിറങ്ങുന്ന അവസാന നാളിന്റെ നോവ് പിന്നീട് ഗൃഹാതുരതയില്‍ അവശേഷിക്കും. എത്രയെത്ര നല്ലയോര്മകളാണ് ഒരു കാലഘട്ടം നമുക്ക് സമ്മാനിക്കുന്നത്.
പഠിക്കുന്ന കാലത്തെ പിറന്നാള്‍ മിക്കവരും ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒന്നായിരിക്കും. സ്കൂള്‍ യൂണിഫോമില്‍ നിന്നും ഒഴിഞ്ഞ് നിറപകിട്ടാര്‍ന്ന വസ്ത്രങ്ങളില്‍ കൂട്ടുകാര്‍ക്കും സഹപാഠികള്‍ക്കും മുന്നില്‍ നില്ക്കും. ആ സമയം അവര്‍ "ഹാപ്പി ബര്‍ത്ത് ഡേ' എന്ന് ഏറ്റുപാടും.
എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഇത്തരം മധുരം വിളമ്പാനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടാകില്ല. അപ്പോഴാകും കൂട്ടുകാര്‍ എന്നതിന്റെ പ്രത്യേകത പലരും തിരിച്ചറിയുന്നത്.
ഇപ്പോഴിതാ അത്തരമൊരു ഹൃദയസ്പൃക്കായ കാര്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കൊളംബിയയിലെ എബെജിക്കോയില് നിന്നുള്ള എയ്ഞ്ചല്‍ ഡേവിഡ് എന്ന കുട്ടിയുടെ എട്ടാം പിറന്നാളാണ് കാര്യം.
തന്റെ കുടുംബത്തിന്റെ പരിമിതമായ വരുമാനവും അമ്മയുടെ മേല്‍ നാല് കുട്ടികളെ പോറ്റാനുള്ള ഭാരവും കാരണം ജന്മദിനം ആഘോഷിക്കാനുള്ള സാഹചര്യം അവനില്ലായിരുന്നു. അതിനാല്‍ത്തന്നെ തന്റെ ജന്മദിനത്തില് സാധാരണപോലെയാണ് എയ്ഞ്ചല്‍ ഡേവിഡ് എത്തിയത്.
പക്ഷേ അവന്റെ സുഹൃത്തുക്കളും അധ്യാപികയായ കാസസ് സിമെനോയും കുഞ്ഞ് ഡേവിഡിനെ ഞെട്ടിച്ചു. ഡേവിഡിന്റെ പിറന്നാള്‍ മനസിലാക്കിയ ടീച്ചര്‍ അവനൊരു സര്‍പ്രൈസ് ഒരുക്കി. സ്നേഹ സമ്പന്നരായ കൂട്ടുകാരും ആവേശത്താല്‍ അതിന്റെ ഭാഗമായി.
അന്നത്തെ ദിവസം തലകുനിച്ച് ക്ലാസിലേക്ക് എത്തിയ എയ്ഞ്ചല്‍ ഡേവിഡ് ആകെ ഞെട്ടി. കാരണം അലങ്കരിച്ച ക്ലാസ് മുറിയും തനിക്കായി കാത്തിരിക്കുന്ന കേക്കും കൂട്ടുകാരുടെ പിറന്നാള്‍ പാട്ടും അവനൊട്ടും പ്രതീക്ഷിച്ചില്ല.
അവര്‍ ആര്‍ത്തുപാടിയപ്പോള്‍ അവന്റെ കുഞ്ഞുമനസ് ആകെ നൊന്തു. ആ കുട്ടി ആനന്ദാശ്രുപൊഴിക്കുമ്പോള് കൂട്ടുകാര്‍ എല്ലാം ഓടിവന്നു അവനെ പുണരുകയാണ്. ഈ അതിമനോഹര കാഴ്ചയില്‍ അവരുടെ നന്മയുള്ള അധ്യാപികയും ഭാഗമാകുന്നു.
എത്രയെഴുതിയാലും തീരാത്ത ഈ നന്മയുടെ കാഴ്ച നെറ്റിസന്റേയും മനസിനെ ഒന്നുലയ്ക്കുന്നു. അതേ ബാല്യവും സൗഹൃദവും വളരെ ഉന്നതമാണ്...