പ്രായത്തെ വെല്ലുവിളിക്കുന്ന ചെെനീസ് മുത്തശി; 78-ാം വയസിലും ഫിറ്റ്
Wednesday, November 1, 2023 3:10 PM IST
ആരോഗ്യം എന്നത് പ്രധാനപ്പെട്ട ഒന്നാണല്ലൊ. പലരും അത് നിലനിര്‍ത്താനായി ആഹാരം ക്രമീകരിക്കുകയും വ്യായാമം ചെയ്യുകയും ഒക്കെ ചെയ്യും. എന്നാല്‍ ഒരു പ്രായം കടന്നാല്‍ പലരും അങ്ങ് ഒതുങ്ങും.
ആരോഗ്യം ക്ഷയിക്കല്‍ പ്രായം ആകുന്നതിന്റെ ഭാഗമാണെന്ന് അവരങ്ങ് കരുതും. ആ കരുതലിനൊടുവില് കിടപ്പിലുമാകും.
എന്നാല്‍ ചൈനയിലുള്ള ഒരു മുത്തശി അങ്ങനെ ഒരാളല്ല. പ്രായം വെറും സംഖ്യ എന്ന വൈബാണ് ആളിന്. ബായ് ജിന്ക്വിന് എന്നാണ് ഇവരുടെ പേര്.വടക്കുകിഴക്കന്‍ ചൈനയിലെ തിയാന്‍ജിന്‍ മുന്‍സിപ്പാലിറ്റിയാണ് ബായുടെ സ്വദേശം.
78 വയസാണ് അവര്‍ക്കിപ്പോള്‍. സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയ ആയ ജിന്ക്വിന് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി യോഗയും റോപ്-സ്കിപ്പിംഗ് വ്യായാമവും ഒക്കെ ചെയ്യാറുണ്ട്.
എന്നാല്‍ ചെറുപ്പത്തില്‍ ബായ് ജിന്ക്വിന് ഇത്തരം ആരോഗ്യകാര്യങ്ങളില്‍ തീരേ ശ്രദ്ധിക്കില്ലായിരുന്നു. പിന്നീട് അര്‍ബുദം ഇവരെ പിടികൂടുകയുണ്ടായി. നിരവധി ശസ്ത്രക്രിയകള്‍ക്കും വിധേയയായി. മാത്രമല്ല പ്രമേഹം പോലുള്ള രോഗങ്ങളും പിടിപ്പെട്ടു.
തന്റെ 60-ാം വയസിലാണ് ജിന്ക്വിന് വ്യായമമുറകള്‍ ആരംഭിച്ചത്. ഇതിനായി ഒരു ജിമ്മിലും അവര്‍ ചേര്‍ന്നു. ആദ്യം ലളിതമായ വ്യായമങ്ങളാണ് അവർ ചെയ്തത്. ശേഷം കടുപ്പമേറിയ വ്യായാമ മുറകളിലേക്ക് കടന്നു.
18 വര്‍ഷങ്ങള്‍ക്കിപ്പുറം പലര്‍ക്ക് അദ്ഭുതവും പ്രചോദനവുമായി അവര്‍ മാറി. നിലവില്‍ "ചൈനയിലെ ഏറ്റവും സുന്ദരിയായ യോഗ മുത്തശി' എന്ന സ്ഥാനമാണ് നെറ്റിസണ് ജിന്ക്വിന് നല്‍കിയിരിക്കുന്നത്.
ജൂണില്‍, കിഴക്കന്‍ ചൈനയില്‍ നിന്നുള്ള ഒരു 60 വയസുകാരിയുടെ കഥയും സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. 22 വര്‍ഷത്തിലേറെ ആയി അച്ചടക്കത്തോടെയുള്ള ഫിറ്റ്നസ് പരിശീലനം നടത്തുന്ന അവരെ കണ്ടാല്‍ ഒരു യുവതിയാണെന്നു മാത്രമേ ആളുകള്‍ പറയു എന്നായിരുന്നു നെറ്റിസണ് നല്കിയ സാക്ഷ്യപത്രം.
മാര്‍ച്ചില്‍, വ്യായാമം നിമിത്തം യൗവനം നിലനിര്‍ത്തുന്ന ഒരു ചൈനീസ് മുത്തച്ഛനും സമൂഹ മാധ്യമങ്ങളില്‍ താരമായിരുന്നു. "ഏറ്റവും ആധുനിക മുത്തച്ഛന്' എന്നായിരുന്നു ആ 73 വയസുകാരന് സൈബര്‍ ലോകം പറഞ്ഞത്.
യുവതലമുറയെ നിരന്തരം പ്രചോദിപ്പിക്കാനായി ഇത്തരം ധാരാളം കഥകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇനിയും എത്തണമെന്നാണ് ജിന്ക്വിന്റെ കഥകേട്ട ഒരാള്‍ കുറിച്ചത്.