"നല്ലയോര്മകള്ക്ക് നന്ദി'; മുംബൈയുടെ കാലി പീലി ടാക്സികള്‍ അപ്രത്യക്ഷമായി
Tuesday, October 31, 2023 12:09 PM IST
ബോംബൈ മുംബൈ ആയി മാറിയിട്ടും ആ നഗരത്തെ അടയാളപ്പെടുത്തുന്ന ചില കാര്യങ്ങള്‍ക്ക് യാതൊരുമാറ്റവും സംഭവിച്ചിരുന്നില്ല. ഏറെക്കാലം അത്തരത്തില്‍ മുംബൈയെ അടയാളപ്പെടുത്തിയ ഒന്നായിരുന്നു കാലി പീലി ടാക്സികള്‍.
കറുപ്പും മഞ്ഞയും കലര്‍ന്ന ഈ പ്രീമിയര്‍ പദ്മിനി മോഡല്‍ കാറുകള്‍ ആ നഗരത്തെ ഓര്‍ക്കുന്ന എല്ലാവരുടെയും ഹൃദയത്തില്‍ തെളിയും. നിരവധി ചലച്ചിത്രങ്ങളും ചിത്രങ്ങളും ഒക്കെ മുംബൈയെ വരച്ചുകാട്ടുമ്പോള്‍ വിട്ടുപോകാത്ത ഒന്നുതന്നെയായിരുന്നു ഈ ടാക്സികള്‍.
എന്നാൽ ഇപ്പോഴിതാ ഈ ഐതിഹാസികമായ പ്രീമിയര്‍ പദ്മിനി ടാക്സികള്‍ മുംബൈ നഗരത്തില്‍ നിന്നും അപ്രത്യക്ഷ്യമായിരിക്കുന്നു. കഴിഞ്ഞദിവസത്തോടെയാണ് അവസാനത്തെ കാലിപീലി ടാക്സിയും തന്റെ ഓട്ടം നിർത്തിയത്.
മുംബൈ പ്രഭാദേവി നിവാസിയായ അബ്ദുള്‍ കരീം കര്സേക്കറിനാണ് ഈ വാഹനം അവസാനമായി ഉണ്ടായിരുന്നത്. 2003ല്‍ ആയിരുന്നു കരീം ഈ പദ്മിനി വാങ്ങിയത്. 20 വര്‍ഷക്കാലമാണ് സാധാരണയായി ഈ ടാക്സി ഉപയോഗിക്കാന്‍ മുംബൈയുടെ അധികാരപരിധിയിലുള്ള ടാര്‍ഡിയോ ആര്‍ടിഒ അനുവദിക്കുക.
മുബൈയുടെ അടയാളപ്പെടുത്തലുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഡീസല്‍ പവര്‍ ഡബിള്‍ ഡെക്കര്‍ ബസുകള്‍ കഴിഞ്ഞിടെയാണ് ഘട്ടംഘട്ടമായി നിര്‍ത്തലാക്കിയത്. പിന്നാലെയാണ് കാലിപീലിയും വിടപറയുന്നത്.
ഒരു കാലത്തെ പ്രതിനിധീകരിക്കുന്ന രണ്ട് പൊതുഗതാഗത വാഹനങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ മറയുന്നത് വാഹനപ്രേമികളെ ദുഃഖത്തിലാഴ്ത്തി. നഗരത്തിലെ ഏറ്റവും വലിയ ടാക്സി ഡ്രൈവര്‍ യൂണിയനുകളിലൊന്നായ മുംബൈ ടാക്സിമെന്‍സ് യൂണിയന് ഒരു കാലി പീലിയെങ്കിലും സംരക്ഷിക്കണമെന്ന് സര്‍ക്കാരിനോട് നിവേദനം നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ആനന്ദ് മഹീന്ദ്രയും എക്സില്‍ ഐക്കണിക് കാലി പീലി ടാക്സിയെ അനുസ്മരിച്ചു. "നല്ല സമയത്തിന് നന്ദി'എന്നാണദ്ദേഹം കുറിച്ചത്.
എന്തായാലും നിരത്തില്‍ നിന്നൊഴിഞ്ഞാലും. ഓരോ ബോംബെെ കഥയിലും കാലി പീലി മായാതെ ഉണ്ടാകുമെന്നത് തീര്‍ച്ച. ആളുകളുടെ ഓര്മകളിലൂടെയാകും ഇനിയാ വാഹനം സഞ്ചരിക്കുക...