അര്‍ബുദ ബാധിതനായ പോലീസ് നായയ്ക്ക് അന്തിമ സല്യൂട്ട് നല്കുന്ന രംഗം
Friday, October 27, 2023 10:11 AM IST
കുറ്റന്വേഷണ രംഗത്ത് പോലീസിനെ ഏറെ സഹായിക്കുന്നവരാണല്ലൊ നായകള്‍. ലോകത്തെ മിക്ക രാജ്യങ്ങളും ഈ മൃഗങ്ങളെ തങ്ങളുടെ പോലീസ് സേനയുടെ ഭാഗമാക്കാറുണ്ട്. പല ഉദ്യോഗസ്ഥരും ആ ജീവിയുമായി വൈകാരികമായൊരു അടുപ്പവും സൂക്ഷിക്കും അതിനാല്‍ത്തന്നെ അവയ്ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ പലരേയും നോവിക്കും.
ഇപ്പോഴിതാ കാന്‍സര്‍ ബാധിതനായ ഒരു പോലീസ് നായയ്ക്ക് സേന നല്കുന്ന യാത്രയയപ്പ് ആണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. അമേരിക്കയിലെ വെര്ജീനിജയയിലാണ് ഈ സംഭവം.
വെര്‍ജീനിയ ബീച്ച് ഷെരീഫ് ഓഫീസായ കെ-9 ലെ അംഗമായിരുന്നു കാന്‍ഡി എന്ന നായ. 10 വര്‍ഷത്തോളം ഈ നായ കുറ്റന്വേഷണ രംഗത്ത് സേവനമനുഷ്ഠിച്ചു. ഏകദേശം 2,900 കേസുകളില്‍ തുമ്പ് കണ്ടെത്താനായി ഈ നായ തിരച്ചില്‍ നടത്തി. 278 പൗണ്ട് അനധികൃത മയക്കുമരുന്ന് പിടിച്ചെടുത്തു.
സേനയിലെ ആദ്യത്തെ നാര്‍ക്കോട്ടിക് ഡിറ്റക്ഷന്‍ നായയായിരുന്ന കാന്‍ഡിക്ക് അടുത്തിടെ തളര്‍ച്ച ഉണ്ടാകുകയും അവളുടെ വിശപ്പ് കുറയുകയും ഉണ്ടായി. ഇതേ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് നായയയ്ക്ക് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്.
ഈ അനാരോഗ്യം മൂലം കാന്‍ഡി സജീവ സേവനത്തില്‍ നിന്ന് വിരമിക്കുകയായിരുന്നു. അചഞ്ചലമായ വിശ്വസ്തതയോടും ധൈര്യത്തോടും കൂടി തങ്ങള്‍ക്കൊപ്പം സേവനംചെയ്ത കാന്‍ഡി പടയിറങ്ങിയപ്പോള്‍ പല പോലീസ് ഉദ്യോഗസ്ഥരുടെയും കണ്ണുനിറഞ്ഞു.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ അത് വ്യക്തവുമാണ്. നിരവധിപേര്‍ ഈ ദൃശ്യങ്ങള്‍ക്ക് ഹൃദയസ്പര്‍ശിയായ കമന്റുകള്‍ രേഖപ്പെടുത്തി. "കാന്‍ഡി, നിങ്ങളുടെ സേവനത്തിനും ഡ്യൂട്ടി ലൈനില്‍ നിങ്ങള്‍ ചെയ്ത ത്യാഗങ്ങള്‍ക്കും നന്ദി. ഇനി വിശ്രമിക്കൂ' എന്നാണൊരാള്‍ കുറിച്ചത്.