തട്ടികൊണ്ടുപോകാതിരിക്കാനായി കുഞ്ഞുപെങ്ങളെ കളിപ്പാട്ടച്ചരടുകൊണ്ട് കെട്ടിയ എട്ടുവയസുകാരന്
Tuesday, October 24, 2023 3:07 PM IST
ഓരോ ബാല്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. അത് നമ്മുടെ കടമയാണുതാനും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സ്വന്തം വീടുകളില്‍പോലും നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതാരാകുന്നില്ല. പല കുട്ടികളും ശാരീരികമായും മാനസികമായും പ്രയാസങ്ങള്‍ മുതിര്‍ന്നവരില്‍ നിന്നും നേരിടുന്നു.
ഇപ്പോഴിതാ ചൈനയിലെ ഒരാശുപത്രയില് നിന്നുള്ള ഒരു എട്ടുവയസുകാരന്റേയും പെങ്ങളുടേയും ചിത്രം സോഷ്യല്‍ മീഡിയയെ പിടിച്ചുലയ്ക്കുന്നു.
ചിത്രത്തില്‍ ഈ എട്ടുവയസുകാരനും മൂന്നു വയസുകാരി സഹോദരിയും ആശുപത്രിയിലെ കസേരയില്‍ ഉറങ്ങുകയാണ്. സഹോദരി കിടന്നുറങ്ങുന്നു. ഈ കുട്ടി ഇരുന്നും ഉറങ്ങുന്നു. ഏറ്റവും ഹൃദയസ്പര്‍ശിയായ കാര്യം ഈ കുട്ടി ഒരു കളിപ്പാട്ടച്ചരടിനാല് തന്റേയും പെങ്ങളുടേയും കൈ കൂട്ടിക്കെട്ടിയിരിക്കുകയാണ്.
അതിനു പിന്നിലെ കാരണം ഈ കുട്ടിയെ അവരുടെ പിതാവോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ തട്ടിക്കൊണ്ടുപോകുമോ എന്ന ഭയമാണ്. ഈ കുട്ടികളുടെ അമ്മ സിയാവു ആശുപത്രിയില്‍ ചികിത്സയിലാണ്.
അവരുടെ ഭര്‍ത്താവ് സിയാവുവിനെ അതിക്രൂരമായി മര്‍ദിക്കുകയുണ്ടായി. സാരമായി പരിക്കേറ്റ സിയാവുവിനെ തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഈ മാസം ആദ്യം സിയാവു ഭര്‍ത്താവില്‍നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഈ പകയാലാണ് ഇയാള്‍ ഭാര്യയെ മര്‍ദിച്ചത്. കുട്ടികളുടെ മുന്നില്വച്ചായിരുന്നത്രെ ഈ കൊടിയ മര്‍ദനം.
ആശുപത്രിയുടെ ഉള്ളിലേക്ക് പോകുമ്പോള്‍ ഈ അമ്മ എട്ടുവയസുകാരന് മകനോട് പറഞ്ഞത് താന്‍ തിരികെ വരുന്നതുവരെ സഹോദരിയെ ആരും തട്ടിക്കൊണ്ടുപോകാതെ നോക്കണം എന്നാണ്. അതിനാലാണ് ഈ കുട്ടി സഹോദരിയുടെ കൈയില്‍ കളിപ്പാട്ടച്ചരട് കെട്ടിയത്.
ചൈനയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ 24.7 ശതമാനമാണ്. 2020-ല്‍, ഒരു ലൈവ് സ്ട്രീമിനിടെ മുന്‍ ഭര്‍ത്താവ് തീകൊളുത്തി ലാമു എന്ന സ്ത്രീ മരിച്ചിരുന്നു. ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇതിനുശേഷം ചൈനയിലെ ഗാര്‍ഹിക പീഡനങ്ങളില്‍ കൂടുതല്‍ നിയമനടപടികള്‍ അധികൃതര്‍ എടുക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്.
എന്തായാലും സിയാവുവിന്റെ ഭര്‍ത്താവിനെ ശിക്ഷിക്കണമെന്ന് നെറ്റിസണ് ആവശ്യപ്പെട്ടു. കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം അധികൃതര്‍ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. "എന്റെ ഹൃദയം പൊട്ടുന്നു' എന്നാണ് ഈ ചിത്രത്തിന് ഒരാള്‍ കമന്റിട്ടത്.