"പാസ് ബുക്കിനുള്ളിലെ നിധി'; ഒരാൾ ഒരൊറ്റ രാത്രികൊണ്ട് കോടീശ്വരനായി മാറുമ്പോള്‍
Tuesday, October 24, 2023 10:15 AM IST
"എന്നും ഈ കഷ്ടപ്പാട് ഒക്കെ ഉണ്ടാകൂ' എന്നും ചിന്തിച്ചിരിക്കുമ്പോള്‍ ആകും അവസാനം എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചെന്ന് അറിയുന്നത്. പിന്നെ ആകെ ഒരു അമ്പരപ്പാണ്. അതേ ജീവിതം അങ്ങനെയാണ്; അപ്രതീക്ഷിതമായ കാര്യങ്ങള്‍ നിമിത്തം അത് നമ്മളെ ആകെ ഞെട്ടിക്കും.
ചിലിയിലെ ഒരു മനുഷ്യന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. ഹിനോജോസ എന്നാണിയാളുടെ പേര്.
ഇദ്ദേഹം ഒരുദിവസം തന്റെ വീട്ടിലെ പഴയ സാധാനങ്ങള്‍ ഒക്കെ ഒന്ന് പരിശോധിച്ചു. അതിനിടയില്‍ ഒരു പാസ്ബുക്ക് കണ്ടെത്തി. ഇദ്ദേഹത്തിന്റെ പിതാവിന്റേത് ആയിരുന്നു ആ പാസ് ബുക്ക്. 1960-70 കാലഘട്ടത്തിലെ ബാങ്ക് പാസ് ബുക്ക് ആയിരുന്നു അത്.
ഈ അക്കൗണ്ടില്‍ ഏകദേശം 140,000 പെസോ ഉണ്ടായിരുന്നു. അതായത് ഇന്നത്തെ കണക്കില്‍ ഏകദേശം 1.2 മില്യണ്‍ ഡോളര്‍ (8.22 കോടി രൂപ) മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഹിനോജോസയുടെ പിതാവ് നേരത്തെ മരിച്ചതിനാല്‍ കുടുംബത്തിലെ ആര്‍ക്കും ഇത്തരമൊരു അക്കൗണ്ടിന്റെ കാര്യം അറിയില്ലായിരുന്നു
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ ബാങ്ക് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിപ്പോയിരുന്നു. അതിനാല്‍ ഈ പൈസ ലഭിക്കാന്‍ സാധ്യത ഇല്ലായിരുന്നു.
എന്നാല്‍ അപ്പോഴാണ് ഹിനോജോസ ഒരു കാര്യം ശ്രദ്ധിച്ചത്. ഈ ബാങ്കില്‍ ഇടുന്ന പണത്തിന് സര്‍ക്കാരിന്റെ ഗ്യാരണ്ടി ഉണ്ടെന്ന് ആ പാസ് ബുക്കില്‍ പറയുന്നുണ്ട്. ഇദ്ദേഹം വൈകാതെ ഈ പണത്തിനായി കോടതിയെ സമീപിച്ചു.
എന്നാല്‍ സര്‍ക്കാര്‍ ഈ പണം കൊടുക്കാന്‍ തയാറായില്ല. പക്ഷേ കോടതി വിധി ഹിനോജോസയ്ക്ക് അനുകൂലമായിരുന്നു. അതോടെ സര്‍ക്കാര്‍ ഉയര്‍ന്ന കോടതികളെ സമീപിച്ചു. എന്നാല്‍ എല്ലാ കോടതികളും ഹിനോജോസയ്ക്ക് അനുകൂലമായിട്ടാണ് വിധിച്ചത്.
ഒടുവില്‍ അദ്ദേഹം കോടീശ്വരന് ആവുകയാണ്. വെറുമൊരു കടലാസെന്ന നിലയില്‍ തള്ളിക്കളഞ്ഞിരുന്നെങ്കില്‍ ആരാലും ഒരിക്കലും അറിയാതെ പോകുമായിരുന്നു ഈ സമ്പാദ്യം. എന്തായാലും ഹിനോജോസ വല്ലാത്ത ഭാഗ്യവാന് തന്നെ എന്നാണ് നെറ്റിസണ് കുറിക്കുന്നത്.