പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതികൾക്കു യാത്രയ്ക്കുശേഷം വിമാനക്കന്പനി ടിക്കറ്റ് ചാർജ് പൂർണമായി മടക്കി നൽകി. 1,1,400 ഡോളർ (ഏകദേശം 1,16,352 രൂപ) ആണ് നഷ്ടപരിഹാരമെന്ന നിലയിൽ നൽകി‍യത്. ഇതിനു കാരണമായത് ഒരു നായയാണ്.

ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഒരു നായ ഉണ്ടായിരുന്നു. അതും ദുർഗന്ധം വമിക്കുന്ന ഒന്ന്. ദമ്പതികൾ നായയെക്കുറിച്ച് വിമാനജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും നായയെ അവിടെനിന്നു മാറ്റുകയോ ദമ്പതികൾക്ക് മറ്റൊരു സീറ്റ് നൽകുകയോ ചെയ്തില്ല. ഇതുമൂലം 13 മണിക്കൂര്‍ നായയുടെ അടുത്തിരുന്ന് ദമ്പതികള്‍ക്ക് യാത്ര ചെയ്യേണ്ടിവന്നു.

ന്യൂസിലൻഡ് ദമ്പതികളായ ഗില്ലിനും വാറൻ പ്രസിനുമാണ് ഈ ദുര്യോഗമുണ്ടായത്. പ്രീമിയം ഇക്കോണമി സീറ്റുകളുടെ അഭാവം മൂലമാണ് ഇവർക്ക് മറ്റൊരു സീറ്റ് ലഭിക്കാതെ പോയത്.

ഇക്കോണമി ഭാഗത്തിന്‍റെ പിൻഭാഗത്ത് സീറ്റുകൾ ഉണ്ടെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും ദമ്പതികൾ അങ്ങോട്ട് മാറാൻ ആദ്യം തയാറായില്ല. എന്നാൽ പ്രീമിയം ഇക്കോണമി സീറ്റ് കിട്ടില്ലെന്നു വരികയും നായയോടൊപ്പമുള്ള യാത്ര അസഹനീയമാകുകയും ചെയ്തതോടെ ദമ്പതികൾ മനസില്ലാമനസോടെ ഇക്കോണമി സീറ്റിലേക്ക് മാറി.

യാത്ര അവസാനിച്ചശേഷം എയർലൈൻ കന്പനി ദമ്പതികളോട് ക്ഷമാപണം നടത്തുകയും ഗിഫ്റ്റ് വൗച്ചറുകൾ നൽകുകയും ചെയ്തെങ്കിലും ടിക്കറ്റ് ചാർജ് മുഴുവൻ റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ പരാതി നൽകി. ഒടുവിൽ നീണ്ട ചർച്ചകൾക്കുശേഷം ടിക്കറ്റ് ചാർജ് മുഴുവൻ മടക്കി നൽകുകയായിരുന്നു.