"കഠിനമായി പോരാടി... പക്ഷേ'; ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നായ വിടപറയുമ്പോള്‍
Monday, September 18, 2023 12:51 PM IST
നായകള്‍ മിക്കവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒരു ജീവിയാണല്ലൊ. മനുഷ്യനുമായി ആദ്യം ഇണങ്ങിയതെന്ന് കരുതുന്ന ഈ മൃഗം ഇപ്പോഴും നമുക്കൊപ്പമുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല വേട്ടയിലും കുറ്റന്വേഷണത്തിലും തങ്ങളുടേതായ ഇടം നിലവില്‍ നായകള്‍ക്കുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ നായ എന്ന ഗിന്നസ് റിക്കാര്‍ഡിന് ഉടമ സിയൂസ് എന്ന നായയാണ്. 2022 ല്‍ ആണ് സീയൂസ് ഏറ്റവും വലിയ നായ എന്ന റിക്കാര്‍ഡിന് ഉടമയായി മാറിയത്.
കഴിഞ്ഞദിവസം വിടപറയുകയുണ്ടായി. ഉടമയായ ബ്രിട്ടാനി ഡേവിസ് ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ടെക്സാസിലെ ബെഡ്ഫോര്‍ഡില്‍ നിന്നുള്ള ഈ നായ അസ്ഥിയിലെ അര്‍ബുദം നിമിത്തമാണ് വിടപറഞ്ഞത്.
നവംബറില്‍ നാലുവയസാകാന് ഇരിക്കെയാണ് ചത്തത്. കഴിഞ്ഞമാസമാണ് ഈ നായയ്ക്ക് അര്‍ബുദമുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മികച്ച ചികിത്സ നല്‍കിയിരുന്നു. കാന്‍സര്‍ നിമിത്തം സീയൂസിന്റെ ഒരു കാല് മുറിച്ചു മാറ്റേണ്ടി വന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കുശേഷം ന്യുമോണിയ ബാധിച്ചത് സീയൂസിന്റെ മരണത്തിന് കാരണമായി.
"ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു. അവന് കഠിനമായി പോരാടി, പക്ഷേ ന്യുമോണിയ വളരെ കൂടുതലായിരുന്നു. ഇപ്പോള്‍ വേദനയില്ല, അവന് സമാധാനത്തോടെ വിശ്രമിക്കുന്നു' എന്നാണ് ബ്രിട്ടാനി കുറിച്ചത്.
അടുക്കളയിലെ സിങ്കില്‍ നിന്ന് വെള്ളം കുടിക്കാനും ഏതുയരത്തിലെയും ആഹാരം കെെവശപ്പെടുത്താനും ഒരു പ്രത്യേക വൈഭവംതന്നെ സീയൂസിനുണ്ടായിരുന്നത്രെ. നിരവധി ആരാധകരാണ് ഈ നായയ്ക്ക് ഉണ്ടായിരുന്നത്. അതിനാല്‍ത്തന്നെ സീയൂസിന്റെ മരണം ഏറെപ്പേരെ നോവിക്കുന്നു...