രാജന്ന സിര്‍സില: കല്ലും മണ്ണും വരെ ആഹാരമാക്കി ജീവിക്കുന്ന മനുഷ്യരുണ്ടെന്ന് നാം കേട്ടിട്ടുണ്ട്. ഇത്തരം ആളുകളുടെ വാര്‍ത്തകളും ദൃശ്യങ്ങളും സാധാരണ ഭക്ഷണ പദാര്‍ത്ഥം കഴിക്കുന്നവര്‍ക്ക് കൗതുകുണ്ടാക്കുമെന്ന് എടുത്ത് പറയേണ്ടതില്ല. അക്കൂട്ടത്തില്‍ ഏവരേയും അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് തെലങ്കാനയിലെ രാജന്ന സിര്‍സില ജില്ലയിലുള്ള മല്ലവ്വ എന്ന വയോധിക.

കഴിഞ്ഞ 15 വര്‍ഷമായി ഇവര്‍ ചോക്കും വെള്ളവും മാത്രം കഴിച്ചാണ് ജീവിക്കുന്നത്. മുന്‍പും മല്ലവ്വയുടെ ഈ ജീവിതരീതി വാര്‍ത്തയായിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ അടുത്തിടെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സമൂഹ മാധ്യമത്തിലടക്കം വീണ്ടും ചര്‍ചയാവുകയാണ്.

വളരെ അപൂര്‍വമായിട്ടാണ് ഇങ്ങനെ ഒരാള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 15 വര്‍ഷം മുന്‍പ് വയലില്‍ ജോലിക്ക് പോയ മല്ലവ്വ വൈകിട്ട് ഭക്ഷണം കഴിക്കാന്‍ നേരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പുഴുവുള്ളതായി കണ്ടെത്തി. ആ സമയം സമീപത്ത് നിന്നും ലഭിച്ച ചോക്ക് കഷ്ണങ്ങളും വെള്ളവും കുടിച്ചാണ് ഇവര്‍ വിശപ്പടക്കിയത്.


ഇതിന് ശേഷം എപ്പോഴും ചോക്ക് കഴിക്കാന്‍ തോന്നുകയായിരുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും സാധാരണ ഭക്ഷണം കഴിച്ചാല്‍ വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നുവെന്നും മല്ലവ്വ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചോക്ക് കഷ്ണങ്ങളും വെള്ളവുമല്ലാതെ മല്ലവ്വ മറ്റൊന്നും കഴിക്കാറില്ല.

സാധാരണയായി ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കുറവുള്ളവര്‍ക്കാണ് ഇത്തരത്തില്‍ കല്ലും മണ്ണും ചോക്കുമൊക്കെ കഴിക്കാന്‍ തോന്നലുണ്ടാകുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.