രക്തദാഹികളായ കൗമാരക്കാർ എന്ന് കേട്ടാൽ എന്താകും ആദ്യം മനസിലേക്ക് ഓടിയെത്തുക. ഒന്നുകിൽ ഒരു ഹോളിവുഡ് ഹോറർ സിനിമയുടെ ദൃശ്യങ്ങൾ, അല്ലെങ്കിൽ പണ്ടു വായിച്ച ഡ്രാക്കുള നോവലിലെ കഥാപാത്രത്തോട് സാമ്യതയുള്ള മുഖങ്ങൾ. അത്തരത്തിൽ ചോരകുടിയന്മാരായ കൗമാരക്കാരുടെ അസ്ഥികൂടം കണ്ടെടുത്തുവെന്ന വാർത്ത കേട്ടാലോ ? കൗതുകം തോന്നുന്നുവല്ലേ?

പോളണ്ടിലെ പെയ്നിലുള്ള ചില ​ഗവേഷകരാണ് ഇത്തരത്തിൽ ചില അസ്ഥികൂടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ബിഡ്​ഗോസിസ് എന്ന പ്രദേശത്ത് 17ാം നൂറ്റാണ്ടിൽ സംസ്കരിച്ചുവെന്ന് കരുതപ്പെടുന്ന ഈ അവശിഷ്ടങ്ങളിൽ കൂടുതൽ പഠനം നടത്തിയ ​ഗവേഷകർ ഞെട്ടി.

അന്ന് മരണപ്പെട്ടവർക്ക് എങ്ങനെയാണ് രക്തദാഹികൾ എന്ന പേര് ലഭിച്ചതെന്ന വിവരം ​ഗവേഷകരിൽ നിന്നും പുറത്ത് വന്നപ്പോൾ ഏവരും അമ്പരപ്പിലാണ്. പതിനേഴാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് ജീവിച്ചിരുന്ന നല്ലൊരു വിഭാ​ഗം ആളുകളും സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലായിരുന്നു. പള്ളികൾക്കടുത്തുള്ള സെമിത്തേരിയിൽ കല്ലറ വാങ്ങാനുള്ള പണം ഇല്ലാത്തവരെ പൊതു സെമിത്തേരിയിൽ അടക്കുകയാണ് പതിവ്.

അങ്ങനെയുള്ള സ്ഥലത്ത് ഒട്ടേറെ പേരെ അടക്കിയിരുന്നു. ഇതിൽ ചില മൃതദേഹങ്ങൾ മറവ് ചെയ്തിരുന്നത് കൈകാലുകൾ ബന്ധിച്ച നിലയിലാണ്. അതിന് പുറമേ കഴുത്തിന്‍റെ ഭാ​ഗത്ത് മൂർച്ചയേറിയ അരിവാളും വെച്ചിരിക്കും. മാത്രമല്ല വായ്ക്കുള്ളിൽ ഒരു നാണയം കൂടി വെച്ചിട്ടാകും ഇവരെ സംസ്കരിക്കുക.




അന്ന് രോ​ഗങ്ങൾ വന്നോ, ദുരൂഹ സാഹചര്യത്തിലോ മരണപ്പെടുന്ന കുട്ടികളടക്കമുള്ളവർ ശവക്കുഴിയിൽ നിന്നും എഴുന്നേറ്റ് വരുമെന്നും ഇവർ രക്തദാഹികളായിരിക്കും എന്നുമുള്ള അന്ധവിശ്വാസത്തിലാണ് മൃതദേഹങ്ങൾ ഈ രീതിയിൽ അടക്കിയിരുന്നത്. ജീവിച്ചിരുന്ന കാലത്ത് ഇവർ ആർക്കും ഒരുപദ്രവവും ചെയ്തിട്ടില്ല എന്നതാണ് സത്യം.

എന്നാൽ മരണ ശേഷം ഇവർ പ്രതികാരത്തോ‌ടെ തിരികെ വന്നേക്കും എന്ന വിശ്വാസം അക്കാലത്ത് ഈ ഭാ​ഗങ്ങളിലുണ്ടായിരുന്നു. ഈ പ്രദേത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി പുരാവസ്തു ​ഗവേഷകർ പര്യവേക്ഷണം നടത്തുകയാണ്. ഇവിടെ നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങളുടെ വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.