മൃ​ഗങ്ങളിൽ അപൂർവമായുണ്ടാകുന്ന ജനിതക വ്യതിയാനം വാർത്തയാകാറുണ്ട്. അത്തരത്തിൽ വന്ന ഒരു വാർത്ത ​ഗവേഷകരെ പോലും ഞെട്ടിച്ചുവെന്ന് കേട്ടാലോ? അമേരിക്കയിലെ ടെന്നസിയിലുള്ള ബ്രൈറ്റ്സ് മൃ​ഗശാലയിൽ ഉണ്ടായ ജിറാഫ് കുഞ്ഞിന്‍റെ ശരീരത്തിൽ ആകെ ഒറ്റ നിറമേയുള്ളൂ. തവിട്ട് മാത്രം!

സാധാരണയായി തവിട്ട് നിറമുള്ള വലിയ പുള്ളികളും ഒപ്പം വെളുത്ത വരയുമുള്ളവയാണ് ജിറാഫുകൾ. അഥവാ ജനിതക വ്യതിയാനം വന്നാൽ തന്നെ ഇവയുടെ ശരീരത്തിൽ വെളുത്ത നിറം മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ ലോകത്ത് ആദ്യമായിട്ടാണ് തവിട്ട് നിറം മാത്രമുള്ള ജിറാഫ് പിറന്നതെന്ന് ​ഗവേഷകരും വ്യക്തമാക്കിയിരിക്കുകയാണ്.

ജൂലൈ 31നാണ് ജിറാഫ് പിറന്നത്. ഏകദേശം ആറടി പൊക്കമാണ് ജിറാഫിനുള്ളതെന്നും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. ആ​ഗോളതലത്തിൽ ജിറാഫുകളുടെ എണ്ണത്തിൽ കുറവ് വരുന്നതായി ഏതാനും മാസങ്ങൾക്കിടെ റിപ്പോർട്ട് വന്നിരുന്നു.



തവിട്ട് നിറമുള്ള ജിറാഫിന്‍റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. "വിശ്വസിക്കാൻ സാധിക്കുന്നില്ല', "കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ടോ', "എന്താണ് നിറവ്യത്യാസത്തിന്‍റെ യഥാർത്ഥ കാരണം' തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തി.