ലോകത്തെ ഏറ്റവും ചെറിയ തടി സ്പൂൺ! ഗിന്നസ് റിക്കാർഡ് സ്വന്തമാക്കി 27കാരൻ
വെബ് ഡെസ്ക്
Friday, August 18, 2023 12:59 PM IST
"കടുകുമണിയിലൊരു കടൽ' എന്ന പ്രയോഗം ചിലരെങ്കിലും കേട്ടിരിക്കും അല്ലേ? കാഴ്ചയിൽ ചെറുതെങ്കിലും മഹാസംഭവങ്ങൾ ഉള്ളിൽ പേറുന്ന ഒരു കാര്യത്തെ ഉപമിക്കാനാണ് ഈ പ്രയോഗം ഉപയോഗിക്കുക. അത്തരത്തിൽ ഒരു "കുഞ്ഞുകാര്യം' ഗിന്നസ് റിക്കാർഡ് സൃഷ്ടിച്ച വാർത്ത ഇപ്പോൾ സൈബർ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരു ബോൾപോയിന്‍റ് പേനയുടെ നിബിന്‍റെ അത്ര പോലും വലിപ്പമില്ലാത്ത തടികൊണ്ടുള്ള സ്പൂണാണ് സമൂഹ മാധ്യമങ്ങളിൽ കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്‍റെ ശില്പി ഗിന്നസ് ബുക്കിൽ ഇടം നേടിയെന്ന മധുരകരമായ വാർത്തയും ഒപ്പമുണ്ട്.
ബിഹാറിൽ നിന്നുള്ള ശശികാന്ത് പ്രജാപതിയെന്ന 25കാരനാണ് ഈ നേട്ടം സ്വന്തമാക്കിയത്. സ്പൂണിന് 1.6 മില്ലീമീറ്റർ (0.06 മില്ലീമീറ്റർ) മാത്രമാണ് നീളം. സാധാരണ തടി സ്പൂണിനോട് നൂറുശതമാനവും സമാനതയുള്ള മിനിയേച്ചറുകൾക്ക് മാത്രമേ ഗിന്നസ് റിക്കാർഡ് ലഭിക്കൂ.
ശശികാന്ത് നിർമിച്ച സ്പൂണിന്‍റെ ഘടന അണുവിട തെറ്റാതെ കൃത്യമാണെന്നും ഗിന്നസ് അധികൃതർ വ്യക്തമാക്കി. ചെറിയ കത്തിയും മറ്റൊരു സർജിക്കൽ ടൂളും ഉപയോഗിച്ചാണ് ഇത് നിർമിച്ചതെന്നും റിപ്പോർട്ടുകളിലുണ്ട്. ഇതോടെ ലോകത്തെ ഏറ്റവും ചെറിയ സ്പൂണിന്‍റെ ശിൽപി എന്ന റെക്കോർഡ് ശശികാന്ത് സ്വന്തമാക്കിയിരിക്കുകയാണ്.
രണ്ട് മില്ലീമീറ്റർ മാത്രം നീളമുള്ള തടി സ്പൂൺ നിർമിച്ച നവരത്തൻ പ്രജാപതി മുർതികാർ എന്നയാളുടെ റെക്കോർഡാണ് ശശികാന്ത് ഭേദിച്ചത്. മുൻപ് പെൻസിൽ ലെഡിൽ നിന്നും ചെയിൻ സൃഷ്ടിച്ചതിനടക്കം ഗിന്നസ് റിക്കാർഡ് ലഭിച്ചയാളാണ് ശശികാന്ത്.