ചുംബനം എന്ന് കേട്ടാൽ ഒരു പുഞ്ചിരിയാകും സ്വാഭാവികമായും ഏവരുടേയും മുഖത്ത് തെളിയുക. എന്നാൽ ചുംബിച്ചപ്പോൾ ചുണ്ടിന്‍റെ അ​ഗ്രം ചെന്ന് മുട്ടിയത് ഒരു രാജവെമ്പാലയുടെ ദേഹത്താണെന്ന് കേട്ടാലോ ? പുഞ്ചിരിച്ചവർ അമ്പരക്കും, ഉള്ളിലൊരു കൊള്ളിയാൻ മിന്നുമെന്നുറപ്പ്. സം​ഗതി സത്യമാണ് അത്തരത്തിലൊരു വീഡിയോ ഇൻസ്റ്റ​ഗ്രാം ഉപയോക്താക്കളെ അ‌ടിമുടി വിറപ്പിച്ചു കഴിഞ്ഞു.

യുഎസിലെ ആനിമൽ എക്സ്പേർട്ടായ മൈക്ക് ഹോൾസ്റ്റണാണ് വീഡി‌യോയുടെ ഉടമ. പത്തി വിടർത്തി നിൽക്കുന്ന രാജവെമ്പാലയുടെ തലയുടെ പിന്നിൽ മൈക്ക് ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. രാജവെമ്പാല വായ തുറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ‌"ഒരു വലിയ ആനയെ കൊല്ലാൻ ഇവന്‍റെ ഒരു കൊത്ത് മതി' എന്ന ക്യാപ്ഷൻ കൂ‌ടി കണ്ടതോടെ നെറ്റിസൺസിന്‍റെ കിളി പോയി എന്നതാണ് സത്യം. ‌‌

കൃത്യമായി പറഞ്ഞാൽ രാജവെമ്പാല ഒരു തവണ കൊത്തുമ്പോൾ വരുന്ന വിഷം കൊണ്ട് 20 മനുഷ്യരെ ഞൊടിയിടയിൽ കൊല്ലാൻ സാധിക്കും. വീഡിയോ കണ്ട് അമ്പരന്ന നെറ്റിസൺസ് എന്തിനാണ് ഇത്ര റിസ്കെടുത്ത് ഇതെടുത്തതെന്ന് മൈക്കിനോട് ചോദിക്കുന്നു.



എന്നാൽ കാലങ്ങളായി മൃ​ഗങ്ങൾക്കൊപ്പം ഇത്തരം സാഹസിക വീഡിയോ എടുക്കുന്നയാളാണ് അദ്ദേഹം. പെരുന്പാന്പും, ചീറ്റപ്പുലിയും, മുതലയും, ചിമ്പൻസിയും ഒക്കെ താരങ്ങളായ ഒട്ടേറെ വീഡിയോകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇതൽപ്പം കൂടിപ്പോയില്ലേ എന്ന് ഒട്ടേറെ പേർ കമന്‍റ് ബോക്സിലൂടെ ചോദിച്ചു. ഇത് മരണ ചുംബനമല്ലേ എന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ ചോദ്യം.

മുൻപും വലിയ പാമ്പുകൾക്കൊപ്പം നിൽക്കുന്ന പോസ്റ്റുകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ടെങ്കിലും റിസ്ക് കൂടിയ വീഡിയോ ഇപ്പോഴാണ് പങ്കുവെച്ചത്. തന്‍റെ പങ്കാളിക്കും സുഹൃത്തുക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും ദി റിയൽ ടാർസൻ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വീഡിയോയിൽ മൈക്ക് ചെയ്തപോലെ ആരും പാമ്പിനടുത്ത് പോകരുതെന്നും കുട്ടികൾ ഇതനുകരിക്കാതെ പ്രത്യേകം നോക്കണെന്നും നെറ്റിസൺസ് ഓർമിപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.