"മഴ വേണം'; പാവകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ ഗ്രാമം
Monday, June 5, 2023 4:08 PM IST
നമ്മുടെ നാട്ടില്‍ വിവിധ മതങ്ങളുണ്ടല്ലൊ. അവയുമായി ബന്ധപ്പെട്ട് ഒട്ടനവധി ആചാരങ്ങളുമുണ്ട്. ചിലതൊക്കെ ശാസ്ത്രത്തിന്റെ പുരോഗതിയില്‍ മാറ്റപ്പെട്ടെങ്കിലും ചിലത് ഇപ്പോഴും പൂര്‍വാധികം ശക്തിയോടെ നിലനില്ക്കുന്നു.
ആളുകള്‍ അവയെ അനുകൂലിച്ചും പ്രതികൂലിച്ചും മിക്കപ്പോഴും രംഗത്തെത്തുന്നു. ഇപ്പോഴിതാ മഴ പെയ്യാനായി കര്‍ണാടകയില്‍ ചെയ്ത ഒരു കാര്യം സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയാണ്.
സാധാരണയായി മഴപെയ്യാനായി യാഗവും മറ്റും നടത്താറുള്ളതായി നാം കേള്‍ക്കാറുണ്ടല്ലൊ.എന്നാല്‍ ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വരിലുള്ള നാട്ടുകാര്‍ മഴ പെയ്യാന്‍ വേണ്ടി പാവകളുടെ വിവാഹം നടത്തുകയാണുണ്ടായത്.
ഒരു സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെ നാട്ടുകാര്‍ വിവാഹം കഴിപ്പിച്ചത്. മാത്രമല്ല പാവ ദമ്പതികള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു. പോരാഞ്ഞിട്ട് ചടങ്ങില്‍ പങ്കെടുത്ത നാട്ടുകാര്‍ക്കും പുരോഹിതന്മാര്ക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കി.
പാവകളുടെ കല്യാണം നടത്തിയാല്‍ ഏഴാം നാള് മഴപെയ്യുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഏതായാലും ഈ സംഭവം നെറ്റിസണില്‍ വൈറലായി. നിരവധി കമന്റുകളും ലഭിച്ചു. "സംഭവം ശരിയോ തെറ്റോ എന്നറിയില്ല., പക്ഷേ കൗതുകമുണ്ട്.' എന്നാണൊരാള്‍ കുറിച്ചത്.