വസന്തകാലത്തെ ഒരു പ്രഭാതങ്ങളിൽ പതിവുപോലെ നീന്താനിറങ്ങിയതാണ് ഗിഡിയോന്‍ ഹാരിസ് എന്ന ഇസ്രായേല്‍ പൗരന്‍. ടെൽ അവീവിൽനിന്നു 24 കിലോമീറ്റർ അകലെ ബെയ്റ്റ് യനായി ബീച്ചിലായിരുന്നു നീന്തൽ.

നീന്തലിനിടയിൽ കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന മാര്‍ബിള്‍ സ്തൂപങ്ങളുടെ അവശിഷ്ടങ്ങൾ ഹാരിസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. പ്രത്യേകത തോന്നിയ ഹാരിസ് പുരാവസ്തു വകുപ്പ് അധികൃതരെ വിവരം ധരിപ്പിച്ചു. അവർ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത് 1,800 വര്‍ഷം മുന്പു നടന്ന ഒരു കപ്പൽഛേദത്തിന്‍റെ ചരിത്രം.

റോമന്‍ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ചരക്കുകപ്പലിന്‍റെ അവശിഷ്ടമാണ് നാലടി ആഴത്തിൽ കണ്ടെത്തിയത്. വലിയ ചുഴലിക്കാറ്റിൽ മണ്ണു മാറിയതിനാലാണ് ഹാരിസിന് അവ കാണാനായത്.

ആ മേഖലയിൽ പണ്ടുകാലത്ത് നടന്ന കപ്പല്‍ഛേദത്തെക്കുറിച്ച് ഇസ്രായേല്‍ പുരാവസ്തു അഥോറിറ്റിക്കു ധാരണയുണ്ടായിരുന്നെങ്കിലും അവശിഷ്ടങ്ങള്‍ എവിടെയെന്ന വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. റോമില്‍നിന്ന് ഇസ്രയേലിലേക്കു കൂറ്റന്‍ മാര്‍ബിള്‍ സ്തൂപങ്ങളുമായി പുറപ്പെട്ട കപ്പലാണ് മുങ്ങിയത്. ഏകദേശം 45 ടണ്‍ ആയിരുന്നു മാര്‍ബിളിന്‍റെ ഭാരം. കപ്പലിന്‍റെ ഭാരം 200 ടണ്‍.


അവശിഷ്ടങ്ങളിൽ പൂര്‍ണമായി രൂപകല്‍പ്പന ചെയ്ത സ്തൂപങ്ങളും ഒപ്പം അസംസ്കൃത വസ്തുക്കളും കണ്ടെത്തി‍യിട്ടുണ്ട്. കപ്പലില്‍നിന്നു കണ്ടെത്തിയ വസ്തുക്കളുടെ പഴക്കം കണ്ടെത്താനുള്ള ശ്രമത്തിലാണു ശാസ്ത്രലോകം.

അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു തടിക്കഷ്ണമോ അക്കാലത്തെ നാണയമോ കിട്ടിയാല്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉപയോഗിച്ച് കപ്പലിന്‍റെ പഴക്കത്തെക്കുറിച്ചു കൂടുതല്‍ കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു. കടലിനടിയിൽ ഇവ കണ്ടെത്തിയ ഹാരിസിന് ഇസ്രായേല്‍ സര്‍ക്കാരിന്‍റെ ആദരവും പാരിതോഷികങ്ങളും ലഭിച്ചു.