പൂച്ചകളെ ഇഷ്ടപ്പെടുന്നവർ ഇഷ്ടംപോലെയുണ്ട്. പൂച്ചകളെ ഓമനിച്ചു വളർത്തുന്ന വീടുകളും അനവധി. എന്നാൽ, വീട്ടിലെ പൂച്ചയെ നോക്കാൻ മാത്രമായി ആളെ നിയമിച്ചതായി ഇതുവരെ കേട്ടിട്ടില്ല.

ഓസ്ട്രേലിയയിലെ ഒരു സമ്പന്ന കുടുംബമാണ് തങ്ങളുടെ അരുമപ്പൂച്ചയെ പരിപാലിക്കാൻ ആളെ തേടുന്നത്. പൂച്ചയ്ക്കായി മുഴുവൻ സമയവും മാറ്റിവയ്ക്കാൻ തയാറായിട്ടുള്ള ആളുകൾക്കു മാത്രമാണു ജോലിക്ക് അവസരമെന്നു ഡബിൾ ബേ കുടുംബം നൽകിയ പരസ്യത്തിൽ പറയുന്നു.

പൂച്ചയുടെ 'ആയ' ആകാൻ തയാറായി വരുന്നവർക്കു പൂച്ചയുടെ ഭക്ഷണം, വിനോദം, ശുചിത്വം, വിശ്രമം എന്നിങ്ങനെ സര്‍വകാര്യങ്ങളിലും പ്രത്യേക കരുതലുണ്ടാകണം. ഒരു കാര്യത്തിലും വിട്ടുവീഴ്ച കാട്ടാൻ പാടില്ല. കൂടാതെ പൂച്ചകളുടെ പരിചരണത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും മുൻകാല പരിചയവും നിർബന്ധം.


തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഡംബരവീടിനുള്ളിൽ സ്വന്തം മുറിയും മറ്റെല്ലാ സൗകര്യങ്ങളും നൽകും. ഇവർക്കു വീട്ടിൽ മറ്റു പണികളൊന്നും ചെയ്യേണ്ടിവരില്ല. ആഡംബര ബംഗ്ലാവിൽ താമസിച്ചു പൂച്ചയെ നോക്കുക മാത്രമായിരിക്കും ജോലി. ഈ പരസ്യം സോഷ്യൽ മീഡിയയിൽ വന്നപ്പോൾതന്നെ വൈറലായിരിക്കുകയാണ്.