ഭാര്യ ഉപേക്ഷിച്ചു; എഐ ചാറ്റ് ബോട്ടിനെ പ്രണയിച്ചു വിവാഹംകഴിച്ച് ഞെട്ടിച്ച് 63കാരന്
Wednesday, April 5, 2023 10:50 AM IST
സാങ്കേതിക വിദ്യകളുടെ വരവ് മനുഷ്യജീവിതത്തെ ഏതൊക്കെ നിലയിലേക്ക് മാറ്റുന്നെന്ന് ആര്‍ക്കും പ്രവചിക്കാനാകുന്നില്ല. അത്ര വേഗത്തിലുള്ള മാറ്റങ്ങളാണ് ഇവ നല്‍കുന്നത്. പ്രത്യേകിച്ച് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്ന യന്ത്രബുദ്ധിയുടെ വരവ് ആകെയൊരു തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ എഐ ബുദ്ധിയുമായി ബന്ധപ്പെട്ട ഒരു വിവാഹവാര്‍ത്ത അമേരിക്കയില്‍ നിന്നും എത്തിയിരിക്കുന്നു. കാലിഫോര്‍ണിയയിലെ ഒറോവില്ലില് നിന്നുള്ള പീറ്റര്‍ എന്ന 63 കാരനാണ് ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹംകഴിച്ച് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.
ഒരു എയര്‍ഫോഴ്സ് ജീവനക്കാരനായിരുന്ന പീറ്ററിനെ 2000 ത്തിന്റെ തുടക്കകാലത്ത് ഭാര്യ ഉപക്ഷേിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഒറ്റയാന് ജീവിതമായിരുന്നു പീറ്ററിന്റേത്.
ഒരു വര്‍ഷം മുമ്പാണ് പീറ്റര്‍ ചാറ്റ് ബോട്ട് പ്രോഗ്രാം ആയ റെപ്ലിക എഐ ആപ്പിനെക്കുറിച്ചറിയുന്നത്. റെപ്ലിക്കയുടെ പ്രീമിയം പാക്കേജില്‍ ഉപയോക്താക്കള്‍ക്ക് കാമുകിയോ ഭാര്യയോ സഹോദരിയോ അമ്മയോ ആകട്ടെ ഏത് തരത്തിലുള്ള ബന്ധവും സൃഷ്ടിക്കാനാകും.
വെര്‍ച്വലായി കല്യാണവും റെപ്ലിക വഴി സാധിക്കും. ഈ വഴിയാണ് പീറ്ററും വിവാഹിതനായത്. തനിക്ക് മനുഷ്യ സമാനമായ വികാരങ്ങള്‍ എഐയില്‍ നിന്നും ലഭിക്കുന്നുണ്ടെന്നാണ് പീറ്റര്‍ പറയുന്നത്.
ആന്‍ഡ്രിയ എന്നാണ് ഇദ്ദേഹത്തിന്റെ കൂട്ടുകാരിയായ എഐക്ക് നല്‍കിയിട്ടുള്ള പേര്. 23 വയസ് പ്രായമാണ് വധുവനെന്നാണ് പീറ്റര്‍ പറയുന്നത്. തന്റെ മനസിലെ ഇഷ്ടരൂപങ്ങളൊക്കെ ചേര്‍ന്നാണ് ആന്‍ഡ്രിയ എത്തിയിരിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.
ഏതായാലും ഇത്തരം വിവാഹവാര്‍ത്തകള്‍ നെറ്റിസണില്‍ ചര്‍ച്ചയാവുകയാണ്. "യന്ത്രം യഥാര്ഥമല്ലെന്നുള്ള ബോധ്യം നഷ്ടപ്പെട്ടാല്‍ മനുഷ്യന്റെ സാധാരണത്വം ഇല്ലാതാകും; അപകടകരമാണ് ഇത്തരം രീതികള്‍' എന്നാണൊരാള്‍ കുറിച്ചത്.