പ്രേതം എന്ന വാക്ക് തന്നെ പലര്‍ക്കും പേടിയാണ്. ഈ പേടി നിമിത്തം പലരും സന്ധ്യ കഴിഞ്ഞാല്‍ വീടിന്‍റെ പടി കടക്കാറില്ല. ശാസ്ത്രം എത്ര പുരോഗമിച്ചാലും സ്വന്തം ഭാവനയില്‍നിന്നും പ്രേതത്തെ സൃഷ്ടിക്കാന്‍ ആര്‍ക്കാണ് കഴിയാത്തത്.

എന്നാല്‍ ഭയമുളവാക്കുന്ന പലതും നാം ശരിയായി അന്വേഷിച്ചാല്‍ മറ്റൊന്നായിരിക്കും എന്നതാണ് രസകരമായ സത്യം. അത്തരത്തിലൊരു കാര്യമാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സാമ്രാട്ട് ഗൗഡ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരക്കുന്നത്.

അദ്ദേഹം പങ്കുവച്ച ചിത്രത്തില്‍ തടികള്‍ക്കിടയില്‍ കുടുങ്ങിയ ഒരാളുടെ കാല്‍വിരലുകളാണ് കാണാനാവുക. ഒറ്റ നോട്ടത്തില്‍ ഏതൊ ഒരാള്‍ മരങ്ങള്‍ക്കിടയില്‍ ഉരഞ്ഞ് മരിച്ചിരിക്കാം എന്നാണ് തോന്നുക. വിരലുകള്‍ കണ്ടാല്‍ മൃതദേഹത്തിന് പഴക്കം ഉള്ളതായും തോന്നും.

എന്നാല്‍ സത്യാവസ്ഥ മറ്റൊന്നാണ്. ഇവ ആരുടെയും വിരലുകളല്ല. പ്രകൃതിയുടെ ഒരു വിസ്മയമാണ്. യഥാര്‍ഥത്തില്‍ ഇതൊരു ഫംഗസാണ്. സൈലേറിയ പോളിമോര്‍ഫ എന്ന ഗണത്തില്‍പ്പെടുന്ന ഫംഗസാണിത്. കറുത്ത ചാരനിറത്തിലുള്ള നീലകലര്‍ന്ന നിറമായതിനാല്‍ പഴക്കം ചെയ്ത മൃതദേഹത്തിന്‍റെ വിരലുകള്‍ പോലെ തോന്നിക്കുമെന്ന് മാത്രം.


ഏതായാലും ചിത്രം വൈറലായി. നിരവധിയാളുകള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. "ഇതിന്‍റെ സത്യാവസ്ഥ അറിയുംമുമ്പ് ഈ ഫംഗസിനെ കാണാഞ്ഞതുകൊണ്ട് ഞാനിപ്പോള്‍ ഇതറിയാന്‍ ജീവനോടെയുണ്ട്' എന്നാണൊരു ഉപയോക്താവ് രസകരമായി കുറിച്ചിരിക്കുന്നത്.