പെയിന്റിംഗ് വേണ്ട, വൈക്കോൽ മതി; ജോർജിന്റെ ഡിസൈനിംഗിന്
Thursday, December 22, 2022 12:44 PM IST
കലാസൗകുമാര്യത്തിന്റെ നേർസാക്ഷ്യമായി വൈക്കോലിൽ കോറിയെടുത്ത ബൈബിൾ വചനങ്ങളുമായി ജോർജ് ഫിയാത്ത്. ക്രിസ്മസിനെ വരവേൽക്കാൻ ഉത്പത്തി, സങ്കീർത്തനങ്ങൾ, സുവിശേഷങ്ങൾ, ലേഖനങ്ങൾ എന്നിവയിലെ തിരുവചനങ്ങളാണ് കലാശില്പങ്ങളായി ഇദ്ദേഹത്തിന്റെ കരവിരുതിൽ ഇതൾ വിരിയുന്നത്.
മുന്നൂറോളം ആകാശപറവകളായ അന്തേവാസികൾക്ക് അഭയം നൽകുന്ന മൈലക്കൊന്പ് ദിവ്യരക്ഷാലയമാണ് ജോർജ് ഫിയാത്തിന്റെ പുതിയ കർമരംഗം.
നേരത്തെ ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ ഫിയാത്ത് മിഷനിലെ സജീവ അംഗമായിരുന്നു. അവിവാഹിതനായ ഇദ്ദേഹം മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലും കലയിലൂടെ സുവിശേഷം പകർന്നു നൽകാനുള്ള ദൗത്യത്തിൽ പങ്കാളിയായിരുന്നു.
രാജസ്ഥാൻ ബൈബിൾ കോളജിലെ പഠനകാലത്താണ് കലയിലൂടെ സുവിശേഷം എന്ന ആശയം ഇദ്ദേഹത്തിന്റെ മനസിൽ ഉദിച്ചത്. വൈക്കോൽ ഉപയോഗിച്ചു ബൈബിൾപരമായ കൂടുതൽ കലാസൃഷ്ടികൾ നിർമിക്കണമെന്നാണ് ആഗ്രഹമെന്നു ജോർജ് ഫിയാത്ത് പറഞ്ഞു.
ദിവ്യരക്ഷാലയം ഡയറക്ടറായ ടോമി ഓടയ്ക്കൽ പിന്തുണയും പ്രോത്സാഹനവുമായി ഒപ്പമുള്ളതിനാൽ പുതിയ രചനാ സങ്കേതങ്ങളിലൂടെ കൂടുതൽ കലാസൃഷ്ടികൾക്കു രൂപം നൽകാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.