സാധാരണയായി ആളുകള്‍ ഉപയോഗ രഹിതമായി കണക്കാക്കുന്ന ഒന്നാണല്ലൊ നഖങ്ങള്‍. മിക്കവര്‍ക്കും നഖം വളര്‍ന്നുകാണുന്നതൊരു ബുദ്ധിമുട്ടാണ്.

എന്നാല്‍ ഡയാന എന്ന 63 കാരി കഴിഞ്ഞ 25 വര്‍ഷമായി നഖം വളര്‍ത്തുകയായിരുന്നു. ഒടുവില്‍ അവര്‍ ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിക്കുകയും ചെയ്തു. ഇരു കരങ്ങളിലുമായി ഏറ്റവും നീളമുള്ള നഖങ്ങളുള്ള സ്ത്രീ എന്ന റിക്കാര്‍ഡാണ് അവര്‍ സ്വന്തമാക്കിയത്.

അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസില്‍ നിന്നുള്ള ഡയാനയുടെ ഇരു കൈകളിലും നീണ്ട നഖങ്ങളാണുള്ളത്. 42 അടി 10 ഇഞ്ച് നീളമാണ് നഖങ്ങള്‍ക്കുള്ളത്. അതായത് ഒരു ഡബിള്‍ ഡക്കര്‍ ബസിനേക്കാള്‍ നീളമുണ്ടെന്നര്‍ത്ഥം. ഇതോടെ അവര്‍ ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കുകയും ചെയ്തു. 18 അടി 9.7 ഇഞ്ച് ആയിരുന്നു മുമ്പത്തെ റിക്കാര്‍ഡ്.

ഡയാന നഖം വളര്‍ത്താന്‍ വളര്‍ത്താന്‍ തുടങ്ങിയതിന് പിന്നിലൊരു കഥയുണ്ട്. നേരത്തെ ഇവരുടെ മകള്‍ ലതീഷയായിരുന്നു ഡയാനയ്ക്ക് നഖങ്ങള്‍ വൃത്തിയാക്കി നല്‍കിയിരുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍, 1997ല്‍ തന്‍റെ 16-ാം വയസില്‍ ആസ്തമ ബാധിച്ച് ലതീഷ മരിച്ചു.


അത് ഡയാനയെ ഏറെ ദുഃഖിതയാക്കി. മരിക്കുന്നതിന് തലേദിവസം പോലും ലതീഷ ഡയാനയുടെ നഖങ്ങള്‍ മിനുക്കുന്നതിനായി സമയം ചെലവഴിച്ചിരുന്നു. അതിനാല്‍ത്തന്നെ ലതീഷയുടെ മരണശേഷം നഖം മുറിക്കുന്നത് ഡയാനയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ 25 വര്‍ഷമായി അവര്‍ ഇരു കരങ്ങളിലെയും നഖങ്ങള്‍ അങ്ങനെതന്നെ നില നിര്‍ത്തി.
നിലവില്‍ വിവിധ നിറങ്ങള്‍ പൂശി കാണുന്നവര്‍ക്കും കൗതുകം തോന്നുന്ന തരത്തിലാണ് ഡയാന തന്‍റെ നഖങ്ങള്‍ സൂക്ഷിക്കുന്നത്.

ഏതായാലും ഡയാനയുടെ ഈ വേറിട്ട ഗിന്നസ് റിക്കാര്‍ഡ് നേട്ടവും അതിന് പിന്നിലെ കഥയും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.