റേഞ്ചർ റോവറിൽ വാഹനം ഇടിച്ചു; നഷ്ടപരിഹാരം 15 പാൻ കേക്ക്
Monday, April 14, 2025 11:43 AM IST
റോഡായാൽ വാഹനങ്ങളുടെ തട്ടും മുട്ടുമൊക്കെ സ്വാഭാവികമാണ്. ചിലർ പരസ്പരം പറഞ്ഞു തീർക്കും. ചിലർ വാക്കു തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും കടക്കും. പക്ഷേ, ഇതാ മാന്യമായ ഒരു തർക്ക പരിഹാരം. റേഞ്ച് റോവറിലാണ് ഒരു ഭക്ഷണ വിതരണ വണ്ടി തട്ടി. റേഞ്ച് റോവറിന്റെ പെയിന്റ് പോയി. ചില ഭാഗങ്ങൾ ചളുങ്ങി. ഇത്രയുമൊക്കെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ എന്തായാലും വലിയൊരു തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ഉറപ്പാണല്ലേ.
പക്ഷേ, റേഞ്ചർ റോവറിന്റെ ഉടമയുടെ പെരുമാറ്റമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. അദ്ദേഹം നഷ്ടപരിഹാരമായി ആകെ ആവശ്യപ്പെട്ടത് എന്താണെന്നോ? 15 മുട്ടപാൻ കേക്കുകൾ. ചൈനയിലാണ് സംഭവം നടക്കുന്നത്. വണ്ടിക്ക് 35,435 രൂപയുടെ പണിയുള്ളപ്പോഴാണ് അദ്ദേഹം മനസലിവോടെ പെരുമാറി.
ചൈനയിലെ വടക്ക് കിഴക്കന് നഗരമായ ഷെന്യാംഗിലാണ് സംഭവം നടന്നതെന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിടെ 1,65,00,000 രൂപയ്ക്ക് മുകളിലാണ് റേഞ്ച് റോവറിന് വില.
വഴിയരികിൽ വാഹനം പാർക്കു ചെയ്തു എവിടെയോ പോയി തിരിച്ചു വരുന്പോഴാണ് വാഹനത്തിന് കേടുപാടു സംഭവിച്ചതായികണ്ടത്. ഇതെന്താണെന്നുള്ള അന്വേഷണത്തിനൊടുവിലാണ് അവിടെ ഭക്ഷണം വിതരണം ചെയ്യുന്ന ദന്പതികളുടെ വാഹനമാണ് ഇടിച്ചതെന്നറിഞ്ഞത്.
അമ്പത് വയസോളം പ്രായമുള്ളവരാണ് ദന്പതികൾ. അവർ തങ്ങളുടെ പ്രായമായ മാതാപിതാക്കൾ, മക്കൾ എന്നിവർക്കായി അധ്വാനിക്കുന്നവരാണ്. അവരുടെ പക്കൽ വലിയൊരു തുക നഷ്ടപരിഹാരം നൽകാൻ ഉണ്ടാകില്ല എന്നുള്ള തിരിച്ചറിവിൽ നിന്നുമാണ് കാറുടമ നഷ്ടപരിഹാരം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. പക്ഷേ, എന്തെങ്കിലും നഷ്ടപരിഹാരം നൽകിയേ തീരു എന്ന ദന്പതികളുടെ നിർബന്ധത്തിനൊടുവിലാണ് അദ്ദേഹം 15 മുട്ടപാൻ കേക്കുകൾ വാങ്ങിയത്.