കുട്ടിമാമ ഞാൻ ഞെട്ടിമാമ; ഒറ്റയടിക്ക് രണ്ടു ലോട്ടറി!
Saturday, April 12, 2025 3:27 PM IST
എന്നെങ്കിലുമൊരിക്കൽ ഭഗ്യദേവത കടാക്ഷിക്കും എന്ന പ്രതീക്ഷയോടെഎന്നും ലോട്ടറിയെടുക്കുന്നവരുണ്ടല്ലേ. ചിലരെ എപ്പോഴെങ്കിലുമൊക്കെ ഭാഗ്യദേവത കടാക്ഷിക്കും. ചിലരെ ഒരിക്കലും കടാക്ഷിക്കുകയുമില്ല.
പ്രതീക്ഷിക്കാതെ ഒരു ദിവസം ഭാഗ്യദേവത രണ്ടു തവണ കടാക്ഷിച്ചാലോ. കുട്ടിമാമ ഞാൻ ഞെട്ടി മാമ എന്ന അവസ്ഥയിലാകുമല്ലേ. അങ്ങനെയൊരു അവസ്ഥയിലാണ് നോർത്ത് കരോലിനയിൽ നിന്നുള്ള ഡെന്നിസ് പാർക്ക്സ് എന്നയാൾ.
അദ്ദേഹം ഗ്രീൻസ്ബോറോ റീജിയണൽ ഓഫീസ് ആൻഡ് ക്ലെയിം സെന്ററിൽ നിന്നും ഒരു സ്ക്രാച്ച് - ഓഫ് ടിക്കറ്റ് എടുത്തിരുന്നു. അതിന് അദ്ദേഹത്തിന് 50,000 ഡോളർ (43 ലക്ഷം രൂപ) സമ്മാനം ലഭിച്ചു. അത് വാങ്ങി വീട്ടിൽ പോകാനാണ് കക്ഷി എത്തിയത്. അന്ന് അദ്ദേഹത്തിന്റെ 81 -ാം പിറന്നാളായിരുന്നു. അവിടെ വെച്ച് ഡെന്നിസിന്റെ മകൾ അച്ഛന് ഒരു പിറന്നാൾ സമ്മാനമായി ഒരു കെനോ ടിക്കറ്റ് വാങ്ങി നൽകി.
അപ്പോ അതാ വരുന്നു അടുത്ത സന്തോഷം. മകൾ എടുത്തു നൽകിയ കെനോ ടിക്കറ്റിന് ഒരു ലക്ഷം ഡോളർ സമ്മാനം (ഏകദേശം 86 ലക്ഷംരൂപ). ഇന്ന് എന്റെ ദിവസമായിരുന്നുവെന്നാണ് ആ നേട്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. എന്തായാലും ഡെന്നിസും കുടുംബവും ഈ അപ്രതീക്ഷിത സന്തോഷത്തിൽ ഏറെ ത്രില്ലിലാണ്. അടച്ചു തീർക്കാനുള്ള ബില്ലുകൾ അടയ്ക്കാനും കുടുംബവുമായി ഓഹിയോയിലേക്ക് ഒരു ഫാമിലി ട്രിപ്പുമാണ് അദ്ദേഹം പ്ലാൻ ചെയ്യുന്നത്.