600 അതിഥികൾ പക്ഷേ, പണം മുടക്കാനാവില്ലെന്ന് വരൻ ഒടുവിൽ വിവാഹം മുടങ്ങി
Saturday, April 12, 2025 12:34 PM IST
വിവാഹ ദിനത്തിൽ അരങ്ങേറുന്ന പല സംഭവങ്ങളും പലപ്പോഴും ചർച്ചയാകാറുണ്ടല്ലേ.ചിലത് രസകരമായ കാര്യങ്ങളായിരിക്കും. ചിലത് അയ്യേ എന്നു തോന്നിപ്പിക്കുന്നതാകാം. ചിലതാകട്ടെ ഇതെന്താ ഇങ്ങനെ എന്നു ചിന്തിപ്പിക്കുന്നതുമാകാം. എന്തായാലും റെഡിറ്റിലെ ഒരു കുറിപ്പ് ഇപ്പോൾ വൈറലാണ്.
വരൻ ക്ഷണിച്ചിട്ട് വിവാഹത്തിനെത്തുന്ന 600 പേർക്ക് ഭക്ഷണം കൊടുക്കണം. പക്ഷേ, പണമൊന്നും തരില്ലെന്നുള്ള വരന്റെ ഡിമാൻഡ് കേട്ടതോടെ വധുവിന്റെ വീട്ടുകാർ പറഞ്ഞു. ഈ പരിപാടിനടക്കില്ല അത്രയും പണം മുടക്കാൻ തങ്ങളുടെ പക്കലില്ലെന്ന്. എന്നാൽ പിന്നെ കല്യാണവും വേണ്ടെന്ന് വരനും പറഞ്ഞു. ഇതോടെ തന്റെ സഹോദരിയുടെ വിവാഹം മുടങ്ങിയെന്നും എന്തെങ്കിലും നിയമസഹായം തേടാനുള്ള വഴിയുണ്ടെയന്നും അന്വേഷിച്ചാണ് വധുവിന്റെ സഹോദരൻ കുറിപ്പിട്ടിരിക്കുന്നത്.
സ്ത്രീധനം നൽകാത്തതിന്റെ പേരില്‍ അവസാന നിമിഷം വിവാഹം മുടങ്ങി എന്നു പറഞ്ഞാണ് യുവാവ് റെഡിറ്റില്‍ കുറിപ്പെഴുതിയിരിക്കുന്നത്. ഒരു ചെറിയ നഗരത്തിലാണ് തങ്ങൾ ജീവിക്കുന്നത്.
ബന്ധുക്കൾ വഴിയുള്ള പരചയത്തിനൊടുവിലാണ് യുവാവിന്റെയും സഹോദരിയുടെയും വിവാഹം ഉറപ്പിച്ചത്.
തങ്ങളുടെ നാട്ടിൽ മട്ടൻ ബിരിയാണിയൊക്കെ വിളന്പുന്ന 10 മുതൽ 15 ലക്ഷം വരെ ചെലവു വരുന്ന ആഢംബര വിവാഹങ്ങളും വൈകുന്നേരത്തെ ചായ സത്കാരം മാത്രമുള്ള ലളിതമായ വിവാഹങ്ങളും നടത്താറുണ്ട്.
ചായ സത്കാരം മാത്രമുള്ള വിവാഹമാണെങ്കില്‍ വരന്റെ അതിഥികളുടെ ഭക്ഷണത്തിന്റെ പണം വരന്റെ വീട്ടുകാർ തന്നെ നല്‍കാമെന്ന് ഏറ്റിരുന്നു. വധുവിന്റെ അതിഥികൾക്കുള്ള പണം വധുവിന്റെ വീട്ടുകാരും നൽകാമെന്ന് ഏറ്റു. പക്ഷേ, വിവാഹ തീയതി അടുത്തതോടെ വരന്റെ വീട്ടുകാരുടെ ഭാവം മാറി. വിവാഹ വേദിയുടെയും ഭക്ഷണത്തിന്റെയും മുഴുവന്‍ തുകയും വധുവിന്റെ വീട്ടുകാർ തന്നെ കൊടുക്കണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെടുകയും. ആ തീരുമാനത്തിൽ അവർ ഉറച്ചു നിൽക്കുകയും ചെയ്തു.
അറനൂറോളം പേർക്ക് സത്കാരം നൽകാൻ മാത്രം സന്പന്ന കുടുംബമല്ല തങ്ങളുടേത്. അതിനാൽ ഇത്രയും വലിയ ചെലവ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് വധുവിന്റെ കുടുംബം വരന്റെ കുടുംബത്തെ അറിയിച്ചു. അതോടെ മെയ്മാസം നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹവും മുടങ്ങി. കാരണം, ഇത്രയും തുക മുടക്കാൻ തങ്ങൾക്കു കഴിയില്ലെന്നറിയിച്ചതോടെ വരൻ വിവാഹത്തിൽ നിന്നും പിന്മാറി.
സഹോദരിക്കും അമ്മയ്ക്കും ഇതിൽ വലിയ മനോവിഷമമുണ്ടായി. അതോടെയാണ് യുവാവ് ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? എന്ന ചോദ്യവുമായി റെഡിറ്റിൽ എത്തിയത്. പക്ഷേ, സ്ത്രീധന കേസിൽ ഇത് വരില്ലെന്നാണ് പലരും പറയുന്നത്. എന്തായാലും വിവാഹം കഴിഞ്ഞ് ഒരു പ്രശ്നം ഉണ്ടായി വിവാഹമോചനം നേടുന്നതിലും ഭേദമല്ലേ എന്നാണ് പലരും ചോദിക്കുന്നത്.