ഇതിലു ഭേദം അമ്മയുടെ വഴക്കായിരുന്നു; വഴക്കു പേടിച്ച് വാഷിംഗ് മെഷീനിൽ ഒളിച്ചു ഒടുവിൽ ഫയർഫോഴ്സ് വന്നു
Wednesday, April 9, 2025 11:35 AM IST
അവധിക്കാലമാണ് കുട്ടികളുടെ വികൃതികൾ അനുദിനം കൂടിക്കൊണ്ടിരിക്കുന്ന കാലവും. മാതാപിതാക്കളാകട്ടെ ശാസിച്ചും ശിക്ഷിച്ചും മടക്കുന്ന കാലമാണിത്. കുട്ടികൾ മാതാപിതാക്കളുടെ ശാസനയോടും ശിക്ഷകളോടുമൊക്ക പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കും.
ചൈനയിലെ ഒരു പെൺകുട്ടി അമ്മയുടെ വഴക്ക് പേടിച്ച് ഒപ്പിച്ച പണി ശരിക്കും പണിയായി. പെൺകുട്ടി ഹോംവർക്ക് ചെയ്തിരുന്നില്ല. അമ്മ ഉറപ്പായും വഴക്കു പറയും. എങ്ങനെ വഴക്കിൽ നിന്നും ഒഴിവാകും എന്ന ആലോചനക്കൊടുവിലാണ് അവൾ ആ പണി ഒപ്പിച്ചത്.
അവൾ അമ്മ കാണാതിരിക്കാൻ വാഷിംഗ് മെഷീനിൽ കയറി ഒളിച്ചിരുന്നു. ഒളിക്കലൊക്കെ കഴിഞ്ഞ്പുറത്തിറങ്ങാൻ നോക്കിയപ്പോഴോ ഒരു രക്ഷയുമില്ല. പുറത്തിറങ്ങാൻ പറ്റുന്നില്ല. ഇതിലും ഭേദം അമ്മയുടെ വഴക്കായിരുന്നു നല്ലതെന്നു അവൾക്ക് തോന്നിക്കാണും.
അമ്മയുടെ ശകാരം കുറേ നേരം കേട്ടതിനുശേഷമാണ് അവൾ ഈ സാഹസത്തിനു മുതിർന്നതെന്നാണ് സൂചന. വീട്ടിലെ ടോപ് ലോഡിംഗ് വാഷിംഗ് മെഷീനിലുള്ളിലാണ് അവൾ ഒളിച്ചത്.
പുറത്തിറങ്ങാൻ തനിയെ കുറേ ശ്രമം നടത്തിയിട്ടും നടക്കാതെ വന്നതോടെ അവൾ അമ്മയെവിളിച്ചു. അമ്മയും കുറേ പരിശ്രമിച്ചു. പക്ഷേ, അമ്മയും പരാജയപ്പെട്ടു. ഒടുവിൽ അവർ ഫയർഫോഴ്സിനെ വിളിച്ചു. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും അവൾ ആകെ ക്ഷീണിതയായിരുന്നു. എന്തായാലും അവർ വാഷിംഗ് മെഷീൻ പൂർണമായും അഴിച്ചുമാറ്റിയതിനൊടുവിലാണ് പെൺ കുട്ടിയെ രക്ഷിച്ചത്. മക്കളെ ശകാരിക്കുന്ന മാതാപിതാക്കൾക്കും. അനുസരണയില്ലാതെ ഓരോന്നു ചെയ്യുന്ന കുട്ടികൾക്കും ഇതൊരു പാഠമാകട്ടെ എന്ന രീതിയിലാണ് ഈ സംഭവത്തിനുള്ള പ്രതികരണങ്ങൾ.