യാചകനെന്നു വിളിച്ച് ആക്ഷേപം; 5000 അല്ല 50,000 വേണമായിരുന്നുവെന്നു പരിഹാസം
Monday, April 7, 2025 4:37 PM IST
കല്യാണത്തിനിടയ്ക്ക് വിരുന്നു വരുന്നവർ തമ്മിൽ പല വിധ വഴക്കുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, ഇവിടെ വരനെയാണ് വധുവിന്‍റെ വീട്ടുകാർ കൈകാര്യം ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവങ്ങൾ അരങ്ങേറിയത്.
വിവാഹ ദിനത്തിൽ ഓരോ നാട്ടിലും വിചിത്രമായ പല ചടങ്ങുകളുമുണ്ടാകും. ഈ നാട്ടിലെ ചടങ്ങാണ് വധുവിന്‍റെ ബന്ധുക്കളിലാരെങ്കിലും വരന്‍റെ ചെരുപ്പ് ഒളിപ്പിച്ചു വെയ്ക്കുന്നത്. ഒളിപ്പിച്ചു വെച്ച ചെരുപ്പ് തിരികെ നൽകുന്പോൾ വരൻ ബന്ധുവിന് ഒരു തുക സമ്മാനമായിനൽകണം.
ഉത്തരാഖണ്ഡിലെ ചക്രതയിൽ നിന്നുള്ളതാണ് വരൻ മുഹമ്മദ് ഷബീറാണ് വധുവിന്‍റെ സഹോദര ഭാര്യ ഒളിപ്പിച്ചു വെച്ച ചെരുപ്പ് തിരികെ നൽകിയപ്പോൾ നൽകിയ തുക കുറഞ്ഞു പോയി എന്നതിന്‍റെ പേരിൽ മർദ്ദനത്തിനരയാകുകയും യാചകൻ എന്ന വിളി കേൾക്കുകയും ചെയ്യേണ്ടിവന്നത്.
ഷബീർ 5000 രൂപയാണ് നൽകിയത്. വധുവിന്‍റെ വീട്ടുകാർ 50,000 രൂപയാണ് പ്രതീക്ഷിച്ചത്. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്തായാലും ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിയ പ്രശ്നം പോലീസ് ഇടപെട്ടാണ് പരിഹരിച്ചത്.