ഈ ശന്പളം ഒന്നിനും തികയുന്നില്ലല്ലോ; 1.8 കോടി വാർഷിക വരുമാനം പക്ഷേ, ദാരിദ്ര്യമെന്ന് പരാതി
Saturday, April 5, 2025 4:47 PM IST
ജീവിക്കാൻ സുന്ദരമായ ഇടമെന്നാണ് ബെംഗളുരുവിനെ വിശേഷിപ്പിക്കാറ്. കാരണം രാജ്യത്തിന്റെ ഐടി ഹബ്ബാണിത്. പക്ഷേ, ബെംഗളുരുവിൽ തട്ടിമുട്ടി ജീവിക്കാൻ ഒരു വർഷം 1.8 കോടി രൂപ പോലും പോരെന്നാണ് ഒരു യുവാവിന്റെ അഭിപ്രായം. പ്രിൻസിപ്പൽ സോഫ്റ്റ്വേർ എഞ്ചിനീയറായ ഒരു യുവാവാണ് ലിങ്ക്ഡിനിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ ജീവിത ചെലവുകളെക്കുറിച്ചും വിശദമായി അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. എന്തായാലും പോസ്റ്റ് വൈറലാവുകയും കമന്റുകളുമായി നിരവധിപ്പേർ എത്തുകയും ചെയ്തിട്ടുണ്ട്.
നികുതികൾക്കെല്ലാം ശേഷം ഏകദേശം ഒരു കോടി രൂപ പ്രതിവർഷം അല്ലെങ്കിൽ 8.3 ലക്ഷം രൂപ പ്രതിമാസം ലഭിക്കുന്നുണ്ട്. അതിൽ മൂന്ന് ബെഡ്റൂമുള്ള വീടിന് വാടകയായി 1.5 ലക്ഷം രൂപ നൽകണം. ആഢംബര വാഹനത്തിന്റെ ഇഎംഐയായി 80,000 രൂപ നൽകണം.
വീട്ടുജോലി, അലക്ക് എന്നിവയ്ക്ക് 15,000 രൂപയോളം വരും. പിന്നെ സ്വിഗി, സൊമാറ്റോ എന്നിവയിലെ ഓർഡറുകൾ. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഭക്ഷണം എന്നിവയെല്ലാം കൂടെ 1.2 ലക്ഷംരൂപ. ഗോവ, ദുബായ് എന്നിങ്ങനെയുള്ള യാത്രകൾക്ക് ഒരു ലക്ഷം. ബ്രാൻഡഡ് വസ്ത്രങ്ങൾ, ജിം എന്നിവയ്ക്കുള്ള ചെലവ് വേറെ. ഇതിനൊക്കെ ചെലവാക്കി കഴിയുന്പോൾ കൈയിലൊന്നുമില്ലെന്നാണ് യുവാവിന്റെ പരാതി.
നിരവധിപ്പേർ യുവാവിനെ കളിയാക്കിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. കുറച്ചു കൂടി ശന്പളം കിട്ടുന്ന ജോലി നോക്കിക്കൂടെ എന്നാണ് പലരും ചോദിക്കുന്നത്. ഇതൊക്കെ ഉള്ളതാണോയെന്നാണ് മറ്റൊരാളുടെ സംശയം.