ഇത്തിര മനസമാധാനം അതുമാത്രം മതി... പഠിച്ചത് ബിരുദാനന്തരബിരുദം ജോലി കാന്റീനിൽ
Saturday, April 5, 2025 12:28 PM IST
പഠനത്തിനനുസരിച്ചുള്ള ജോലി കിട്ടിയില്ലെങ്കിൽ നിരാശരാകുന്നവരാണ് പലരും. പക്ഷേ, ചൈനയിൽ നിന്നുള്ള ഹുവാങ് എന്ന 26 വയസുകാരി ഇവിടെ വ്യത്യസ്തയാണ്. അവൾക്ക് ജേണലിസത്തിൽ ബിരുദാനന്തര ബിരുദമുണ്ട്. പീക്കിംഗ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ബിരുദാനന്തര ബിരുദം നേടിയത്. പക്ഷേ, അവളിപ്പോൾ ജോലി ചെയ്യുന്നത് സർവകലാശാലയുടെ കാന്റീനിലാണ്.
ഹുവാങ്ങിനാവശ്യം സന്തോഷവും സമാധാനവുമാണ്. 2022 ൽ പഠനം പൂർത്തിയാക്കിയ യുവതി ഇന്റർനെറ്റ് കന്പനികൾ, സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്തു. പക്ഷേ, ജോലി ചെയ്യുന്നു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾക്ക് സന്തോഷമുണ്ടായിരുന്നില്ല. അങ്ങനെയാണ് പഠിച്ച മേഖലയിൽ ജോലി വേണ്ട എന്ന തീരുമാനത്തിലേക്ക് ഹുവാങ് എത്തിയത്.
മാധ്യമ സ്ഥാപനങ്ങളിലെ ജോലി തനിക്ക് സമ്മർദ്ദമാണ് നൽകിയതെന്നാണ് യുവതിയുടെ അഭിപ്രായം. ഹുവാങിനൊപ്പം പഠിച്ചവർ ഇപ്പോൾ ലക്ഷങ്ങൾ ശന്പളം വാങ്ങുന്പോൾ ഹുവാങ്ങിന്റെ ശന്പളം വെറും 69,000 രൂപയാണ്.
പക്ഷേ, അവൾ സംതൃപ്തയാണ്. അതിരാവിലെ ജോലി ആരംഭിക്കുന്ന ഹുവാങ്ങിനെ സർവകലാശാലയിലെ വിദ്യാർഥികൾ മം ഹുവാങ് എന്നാണ് വിളിക്കുന്നത്. ഭക്ഷണം വിളന്പൽ, പാത്രങ്ങളിൽ ഭക്ഷണവും സൂപ്പും നിറയ്ക്കൽ, പച്ചക്കറികൾ അരിയൽ എന്നിങ്ങനെയാണ് അവളുടെ ജോലികൾ.
തുടക്കത്തിൽ ജോലി ചെയ്യുന്പോൾ ആകെ ക്ഷീണിക്കുമായിരുന്നു. പക്ഷേ, ഇപ്പോൾ അവൾ ഈ ജോലി ആസ്വദിച്ചാണ് ചെയ്യുന്നത്. ബസ് ഡ്രൈവർമാരുടെ കുടുംബമാണ് ഹുവാങ്ങിന്റേത്. അതുകൊണ്ടു തന്നെ അളുടെ കുടുംബത്തിന് ഹുവാങ്ങിന്റെ ജോലിയോട് ഒട്ടും താൽപര്യമില്ല. അവർ ഹുവാങിന് സർവകലാശാലയിലാണ് ജോലി എന്നാണ് പറയുന്നത്.