കാർ ചൂടാകാതിരിക്കാൻ ചാണകം മെഴുകി ഡോക്ടർ!
Thursday, April 3, 2025 12:27 PM IST
കനത്ത വെയിലിൽ തന്റെ കാറിനു ചൂടേൽക്കാതിരിക്കാൻ മുംബൈ ഡോക്ടർ സ്വീകരിച്ച "നാടൻവിദ്യ' സോഷ്യൽ മീഡിയയ്ക്ക് കൗതുകമായി. ആയുർവേദ ഡോക്ടറായ റാം ഹരി കദം ചൂടിനെ പ്രതിരോധിക്കാൻ തന്റെ എസ്യുവിയിൽ ചാണകം മെഴുകുകയായിരുന്നു.
മഹാരാഷ്ട്രയിലെ പന്ദർപുറിലാണു സംഭവം. കാറിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.ചൂടിൽനിന്നു വാഹനങ്ങളെ പരിപാലിക്കാൻ ചാണകം തേച്ചാൽ മതിയെന്നും ഇതു വലിയ പണച്ചെലവുള്ള കാര്യമല്ലെന്നും ഡോക്ടർ പറയുന്നു.
ഗോമൂത്രവും ചാണകവും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കാറിന്റെ പുറത്ത് തേയ്ക്കുകയാണു വേണ്ടത്. ഇങ്ങനെ ചെയ്താൽ മണിക്കൂറുകളോളം വെയിലത്ത് പാർക്ക് ചെയ്താലും കാറിന്റെ ഉൾവശം ചൂടാകില്ല. മറ്റു കേടുപാടുകളും സംഭവിക്കില്ല.
ചൂടു കുറയ്ക്കാൻ ചാണകം മെഴുകുന്ന വിദ്യ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർ വീടിന്റെ ഭിത്തിയിലും ചാണകം മെഴുകാറുണ്ട്. വീടിന്റെ തറയിൽ ചാണകം മെഴുകിയിരുന്ന ഒരു ഭൂതകാലം മലയാളിക്കുമുണ്ടല്ലോ.