ഒരു കോടി രൂപയ്ക്കു കരാർ; 17 കാരി ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി
Wednesday, April 2, 2025 12:35 PM IST
പതിനേഴുകാരി വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്കു ജന്മം നല്കിയ സംഭവത്തിൽ ചൈനയിൽ അന്വേഷണം. പ്രായപൂർത്തിയാകും മുൻപ് പതിനാറാമത്തെ വയസിലാണ്, വാടകഗര്ഭധാരണത്തിനായുള്ള ഭ്രൂണം പെണ്‍കുട്ടിയിൽ നിക്ഷേപിച്ചതെന്നും ഇതിനു പ്രേരിപ്പിച്ച അന്പതുകാരന് പ്രത്യുപകാരമായി ഒരു കോടി രൂപ നല്കിയെന്നുമുള്ള വിവരം പുറത്തുവന്നതോടെയാണു ചൈനീസ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
സിചുവാന്‍ പ്രവിശ്യയിൽ താമസിക്കുന്ന പെണ്‍കുട്ടി ഒരു ഏജന്‍സി വഴിയാണ് വാടകഗര്‍ഭധാരണത്തിന് സമ്മതിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഇരട്ടക്കുട്ടികൾക്കു ജന്മം നല്കി. ഷിയാങ്ജി പ്രവിശ്യയില്‍നിന്നുള്ള 50 കാരനായ ലോങ് ആണ് വാടകഗർഭധാരണത്തിന് പ്രേരിപ്പിച്ചത്. തനിക്ക് ഇരട്ടക്കുട്ടികൾതന്നെ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു.
മനുഷ്യക്കടത്തുവിരുദ്ധ പ്രവര്‍ത്തകനായ ഷാങ്ഗുവാന്‍ ഷെങ്ഷി ആണ് ഈ സംഭവം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഗ്വാങ്ഷോ ജുന്‍ലാന്‍ മെഡിക്കല്‍ എക്യുമെന്റ് കമ്പനിയുമായി 81 ലക്ഷം രൂപയുടെ കരാറാണ് ഇരട്ടക്കുട്ടികൾക്കായി ലോങ് ഒപ്പിട്ടതെന്നും എന്നാല്‍ കുട്ടികൾ ജനിച്ചശേഷം ഒരു കോടി രൂപ നല്‍കേണ്ടി വന്നെന്നും കുറിപ്പിലുണ്ടായിരുന്നു. ഇതിൽ എത്ര രൂപ പെണ്‍കുട്ടിക്കു ലഭിച്ചെന്നു വ്യക്തമല്ല.
ലോങ് അവിവാഹിതനാണെന്നും ആശുപത്രിയില്‍നിന്നു കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇയാൾ പെണ്‍കുട്ടിയുടെ ഭര്‍ത്താവായി അഭിനയിച്ചെന്നും ഷാങ്ഗുവാന്‍ ഷെങ്ഷി ആരോപിച്ചു. ആരോപണത്തിന് പിന്നാലെ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നു. തുടർന്ന് ഗ്വാങ്ഷോ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ചൈനയിലെ വാടകഗർഭധാരണ നിയന്ത്രണച്ചട്ടങ്ങൾ ലംഘിക്കപ്പെട്ടതിലാണ് അന്വേഷണമെന്നു സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.