ഒന്നരവർഷം മുന്പ് കൊല്ലപ്പെട്ട സ്ത്രീ ജീവനോടെ തിരിച്ചെത്തി! കൊലക്കേസിൽ നാലുപേർ ശിക്ഷ അനുഭവിക്കവെയാണു മടങ്ങിവരവ്
Friday, March 28, 2025 12:41 PM IST
പതിനെട്ടു മാസം മുന്പ് കൊല്ലപ്പെട്ട സ്ത്രീ ജീവനോടെ തിരിച്ചെത്തി! അവരെ കൊലപ്പെടുത്തിയ കേസിൽ നാലുപേർ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിത മടങ്ങിവരവ്. മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലയിലാണു സംഭവം. ലളിത ബായ് ആണ് പോലീസ് സ്റ്റേഷനിലെത്തി താൻ ജീവിച്ചിരിക്കുന്നതായി പറഞ്ഞത്.
കാണാതായ ലളിതയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് പോലീസുകാർ പറഞ്ഞത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. കൈയിലെ ടാറ്റു, കാലിൽ കെട്ടിയ കറുത്ത നൂൽ ഉൾപ്പെടെയുള്ള അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ലളിതയാണു മരിച്ചതെന്നു കുടുംബാംഗങ്ങൾ ഉറപ്പിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുകയും ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു. ലളിത ബായ് മടങ്ങിവന്നതോടെ കൊലക്കേസ് അന്വേഷിച്ച പോലീസുകാരും ഞെട്ടലിലാണ്. മധ്യപ്രദേശ് പോലീസിനുനേരേ രൂക്ഷവിമർശനവും ഉയർന്നു.
പോലീസിന്റെ കടുത്ത അനാസ്ഥയാണ് ഈ സംഭവം കാണിക്കുന്നതെന്നു പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.