ഒരു വീടും 92 ലക്ഷം രൂപയും; ഇറ്റലിക്ക് പോകുന്നോ?
Friday, March 28, 2025 11:51 AM IST
പല രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി ജനസംഖ്യ കുറയുന്നതാണ്. അതോടൊപ്പം ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റവും കൂടുന്നുണ്ട്. ജനസംഖ്യ കുറഞ്ഞതോടെ പല ഗ്രാമങ്ങളിലും ആരുമില്ലാത്ത അവസ്ഥയാണ്. ഈ അവസ്ഥയ്ക്കു പരിഹാരം കാണണം എന്ന ലക്ഷ്യത്തോടെ പല സർക്കാരുകളും നിരവധി ഓഫറുകളാണ് വെയ്ക്കുന്നത്.
സൗജന്യമായൊരു വീടും 92 ലക്ഷം രൂപ ധനസഹായവും നൽകാമെന്നു പറഞ്ഞാൽ ആരായാലും വേണ്ടെന്നു വെയ്ക്കില്ലാലേ. ഇറ്റലിയിലെ അതിമനോഹരമായ ഒരു ഗ്രാമത്തിൽലാണ് ഇത് ലഭ്യമാകുമെന്നതെങ്കിലോ. പിന്നെന്ത് ആലോചിക്കാൻ.
അങ്ങു പോയേക്കാമല്ലേ. പോകാൻ വരട്ടെ, തകർന്നു കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാനായാണ് ഇങ്ങനെയൊരു ഓഫർ സർക്കാർ മുന്നോട്ടു വെച്ചത്. പക്ഷേ, ഈ ഓഫർ ലഭ്യമാകാൻ ചില നിബന്ധനകളൊക്കെയുണ്ട്.
സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, ഇറ്റാലിയൻ പ്രവിശ്യയായ ട്രെയിന്റോനോയാണ് ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങൾക്ക് പുതു ജീവൻ നൽകാൻ ഈ ഓഫർ മുന്നോട്ട് വയ്ക്കുന്നത്. ഇവിടെ സ്ഥിരതാമസമാക്കാൻ തയ്യാറുള്ളവർക്കാണ് സർക്കാർ ഏകദേശം 92.7 ലക്ഷം രൂപ (€100,000 ) രൂപയും വീടും ഓഫർ ചെയ്യുന്നത്. സാമ്പത്തിക സഹായം രണ്ട് ഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. വീട് പുതുക്കിപ്പണിയുന്നതിന് ഏകദേശം 74.2 ലക്ഷം രൂപ (€80,000). വസ്തു വാങ്ങുന്നതിന് ഏകദേശം 18.5 ലക്ഷം രൂപ (€20,000 ) എന്നിങ്ങനെയാണത്.
ഇറ്റലിക്കാർക്കു മാത്രമല്ല ഈ ഓഫർ. ഇറ്റലിക്ക് പുറത്തുള്ളവർക്കും ഇതിനർഹതയുണ്ട്. പക്ഷേ, ഒരു നിബന്ധനയുണ്ട്. അവിടെ താമസിക്കാനാഗ്രഹിക്കുന്നവർ കുറഞ്ഞത് 10 വർഷമെങ്കിലും അവിടെ താമസിക്കണം. പത്ത് വർഷം പൂർത്തിയാക്കിയില്ലെങ്കിൽ നൽകിയ മുഴുവൻ തുകയും തിരിച്ചു നൽകേണ്ടി വരും.