പരീക്ഷയല്ലേ ഒന്നും എഴുതാതെ എങ്ങനെ പോകും? സ്വന്തം പ്രണയം, ബോളിവുഡ് ഗാനങ്ങൾ... ഇരിക്കട്ടെ ഒരു 100 ന്റെ നോട്ടും... ഉത്തരപേപ്പർ നോക്കി ഞെട്ടി അധ്യാപകർ
Wednesday, March 26, 2025 4:09 PM IST
പരീക്ഷ എഴുതാൻ വന്നതല്ലേ എന്തെങ്കിലും എഴുതിയില്ലെങ്കിൽ മോശമല്ലേ. പിന്നെ ഒന്നും നോക്കിയില്ല. സ്വന്തം പ്രണകഥ അങ്ങ് എഴുതിയേക്കാം എന്നു കരുതിയവർ ഉത്തരക്കടലാസിൽ നിറയെ പ്രണയം നിറച്ചു. ഇനി സ്വന്തമായി പ്രണയമില്ലാത്തതുകൊണ്ടാണോ അതോ അതിനത്ര ഭംഗി പോരെന്നു തോന്നിയതുകൊണ്ടാണോ ചിലർ ബോളിവുഡ് സിനിമകളിലെ പ്രണയവും പ്രണയഗാനങ്ങളും അങ്ങ് എഴുതി.
ഇനി ചിലരാകട്ടെ സാറേ, എങ്ങനെ എങ്കിലും ജയിപ്പിക്കണേ എന്ന അപേക്ഷയ്ക്കൊപ്പം 100 രൂപ നോട്ടാണ് ഉത്തരക്കടലാസിൽ പിൻ ചെയ്തു വെച്ചത്. ഇതെല്ലാം കണ്ട് എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് ഒരു കൂട്ടം അധ്യാപകർ.
ഉത്തർപ്രദേശിൽ നിന്നുള്ളതാണ് ഈ റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ 10, 12ക്ലാസുകളിലെ കുട്ടികൾക്കുള്ള മധ്യമിക് ശിക്ഷാ പരിഷത് (യുപിഎംഎസ്പി) എന്ന ബോര്‍ഡ് പരീക്ഷയായിരുന്നു ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 12 വരെ.
മുപ്പത് ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയുടെ ഫലം ഏപ്രിലിലാണ് പ്രഖ്യാപിക്കുന്നത്. ഇപ്പോൾ മൂല്യം നിർണയം നടക്കുകയാണ്. ആ ഉത്തരക്കടലാസുകൾ നോക്കിയ അധ്യാപകരാണ് ഉത്തരത്തിനു പകരം ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ എഴുതിയ ഉത്തരക്കടലാസുകൾ കണ്ട് അന്തംവിട്ടത്.
ആർകെ ഇന്റര്‍ കോളജ് എന്ന മൂല്യ നിർണയ കേന്ദ്രത്തിലെ ഫിസികിസ് പരീക്ഷാ പേപ്പറുകളിൽ കണ്ടത് ജിസം, രാജാ ഓർ റങ്ക് തുടങ്ങിയ സിനിമകളിലെ, 'ജാദൂ ഹൈ, നഷാ ഹൈ', 'തു കിത്നി അച്ഛാ ഹൈ' തുടങ്ങിയ പാട്ടുകളാണ്.
ഇവിടെ മാത്രമല്ല കിഴക്കൻ ഉത്തർപ്രദേശിലെയും സ്ഥിതി ഇതു തന്നെയാണ്. കുട്ടികൾ ഒന്നും എഴുതാതെ ഉത്തരക്കടലാസ് ഒഴിച്ചിട്ടിട്ടില്ല. ചിലപ്പോൾ പരീക്ഷ സമ്മർദ്ദമായിരിക്കും കാരണമെന്നുമാണ് അധ്യാപകർ പറയുന്നത്.