കാശ് അങ്ങോട്ട് കൊടുക്കും പിന്നെ ഇങ്ങോട്ട് വാങ്ങും; ട്രെയിനിൽ സൗജന്യ യാത്ര നടത്തി യുവാവ് ലാഭിച്ചത് 1 ലക്ഷം രൂപയ്ക്കു മുകളിൽ
Wednesday, March 26, 2025 10:15 AM IST
ട്രെയിൻ വൈകിയെത്തുന്നതൊക്കെ സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ട് യാത്രക്കാർക്ക് സമയംനഷ്ടപ്പെടുന്നതല്ലാതെ എന്തെങ്കിലും നേട്ടമുണ്ടാകാറുമില്ല. എന്നാൽ, ട്രെയിൻ വൈകിയാലും നേട്ടമുണ്ട് എന്നാണ് ബ്രിട്ടനിലെ ഒരു യുവാവിന്റെ അനുഭവം.
എഡ് വൈസ് എന്ന 29 കാരൻ ഒരു പേഴ്സണൽ ഫിനാൻസ് എഴുത്തുകാരനാണ്. അയാൾ ഒരു വർഷം മുഴുവൻ ട്രെയിനിൽ യാത്ര ചെയ്തത് ഒരു രൂപ പോലും മുടക്കാതെയാണ്. ഇതിലൂടെ ഇയാൾ നേടിയ ലാഭമാകട്ടെ ഏകദേശം 1.06 ലക്ഷം രൂപയും. പക്ഷേ, റെയിൽവേ ഇയാൾക്കെതിരെ ഒരു നടപടിയും എടുത്തില്ല എന്നുള്ളതാണ് രസകരമായ കാര്യം.
ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ വലിയ തുക പിഴയായി ഈടാക്കുന്ന കാലത്താണ് ട്രെയിനിൽ സൗജന്യ യാത്ര ചെയ്ത് യുവാവ് വൈറലായിരിക്കുന്നത്. വളരെ നാളത്തെ ആലോചനയ്ക്കും നിരീക്ഷണത്തിനും ഒടുവിലാണ് ഇത്തരമൊരു യാത്രയിലേക്ക് അദ്ദേഹം എത്തിയത്.
ആദ്യം അയാൾ ട്രെയിനിന്റെ സമയം കൃത്യമായി നേക്കി. അവയിൽ ഏതൊക്കെ ട്രെയിനുകളാണ് കൃത്യമായി വൈകാറുള്ളത് എന്ന് നോക്കി. എത്ര സമയം വൈകാറുണ്ട് എന്നും മനസിലാക്കി. പിന്നെ അദ്ദേഹം തന്റെ ഓപറേഷൻ നടപ്പിലാക്കി. അദ്ദേഹം യാത്ര ചെയ്യുന്പോഴെല്ലാം ടിക്കറ്റ് എടുത്ത് വൈകിയെത്തുന്ന ട്രെയിനുകളിൽ കയറി. ട്രെയിൻ വൈകിയെത്തി എന്ന കാരണത്താൽ പണം റീഫണ്ടായി തിരികെ വാങ്ങി.
ബ്രിട്ടനിലെ നിയമമനുസരിച്ച് ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം തിരികെ നൽകാം. ട്രെയിൻ 15 മിനിറ്റ് വൈകിയാൽ 25 ശതമാനം തുക തിരികെ നൽകും. അരമണിക്കൂർ വൈകിയാൽ 50 ശതമാനം, ഒരു മണിക്കൂറിൽ കൂടുതൽ വൈകിയാൽ മുഴുവൻ തുകയും ലഭിക്കും. ഈ അവസരമാണ് അദ്ദേഹം പ്രയോജനപ്പെടുത്തിയത്. പണിമുടക്കുകളും എന്തെങ്കിലും അറ്റകുറ്റപ്പണികളോ, മോശമായ കാലാവസ്ഥയോ ഉള്ളപ്പോഴാണ് ട്രെയിൻ വൈകുന്നത്.