പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധം "പാറ്റപ്പാൽ'; കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നു
Tuesday, March 25, 2025 12:48 PM IST
പാറ്റയുടെ പാൽ ഭൂമിയിലെ ഏറ്റവും പോഷകസാന്ദ്രമായ പദാർഥങ്ങളിൽ ഒന്നാണെന്നു ഗവേഷകർ. കോശ വളർച്ചയ്ക്കും ശരീരപുഷ്ടിക്കും സഹായിക്കുന്ന പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ, ഷുഗർ എന്നിവയാൽ സമ്പന്നമാണു പാറ്റാപ്പാൽ എന്നും പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധമാണിതെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
"ഡിപ്ലോപ്റ്റെറ പങ്ക്ടാറ്റ' വിഭാഗത്തിൽപ്പെട്ട പസഫിക് പെൺ പാറ്റകൾ കുഞ്ഞുങ്ങളെ പോറ്റാൻ ഉത്പാദിപ്പിക്കുന്ന പാൽപോലുള്ള ദ്രാവകത്തെ വിശകലനം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. പാറ്റയെ കൊല്ലാതെതന്നെ അതിന്റെ വയറ്റിൽനിന്ന് ഈ ദ്രാവകം ശേഖരിക്കാനാകും. 54 ദിവസം പ്രായമായ പാറ്റകളെ വേണം ഇതിനായി തെരഞ്ഞെടുക്കാനെന്ന് ജേണൽ ഓഫ് ദി ഇന്റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രാഫിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
എല്ലാ സൂപ്പർഫുഡുകളെയുംപോലെ, പരമ്പരാഗതആരോഗ്യഭക്ഷണശീലങ്ങൾക്കു പകരമായി പാറ്റപ്പാൽ ഉപയോഗിക്കാൻ കഴിയും. പക്ഷേ, പാറ്റയുടെ പാൽ ഇതുവരെ മനുഷ്യ ഉപഭോഗത്തിനു ലഭ്യമായിട്ടില്ല. ഇതിന്റെ ഉത്പാദനംതന്നെയാണ് ഏറ്റവും വലിയ തടസം. എന്നിരുന്നാലും പാറ്റപ്പാലിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്. ഭാവിയിലെ പ്രധാനപ്പെട്ട പോഷകസമൃദ്ധമായ ഭഷ്യവിഭവമായി പാറ്റപ്പാൽ മാറുമെന്നാണു ഗവേഷകരുടെ അനുമാനം.