ഈ കുഞ്ഞൻ കറുന്പിക്ക് ഗിന്നസ് റിക്കാർഡ്
Monday, March 24, 2025 10:53 AM IST
ഒരു കറുന്പി കുഞ്ഞാടിലൂടെ ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് കേരളത്തിലെ ഒരു ഫാം. പാം ഉടമയായ പീറ്റർ ലെനുവിന്റെ ഫാമിലാണ് ഈ കുഞ്ഞാട് ജനിച്ചത്. ജനിച്ചപ്പോഴൊ ഇതിനു വലുപ്പം കുറവാണെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു. പക്ഷേ, അതിലൊരു റിക്കാർഡ് ഒളിഞ്ഞിരുപ്പുണ്ടെന്നു അദ്ദേഹം ചിന്തിച്ചിരുന്നില്ല. ഫാം സന്ദർശിക്കാനെത്തിയ ഒരാൾ വളരെ ചെറിയ ആട്ടിൻകുട്ടിയാണല്ലോ എന്നു പറഞ്ഞപ്പോഴാണ് കറുന്പിയെ ഒന്നൂടെ ശ്രദ്ധിക്കുന്നതും ലോക റിക്കാർഡിനായി ശ്രമിച്ചാലോ എന്നു ആലോചിക്കുന്നതും.
നാല് വയസുണ്ട് ഈ കറുത്ത പെണ്ണാട്ടിൻ കുട്ടിക്ക്. വെറും ഒരടി മൂന്ന് ഇഞ്ച് (40.50 സെന്റീ മീറ്റർ) ഉയരം മാത്രം. ഒതുക്കമുള്ള ശരീരത്തിനും ജനിതക കുള്ളൻ സ്വഭാവത്തിനും പേരുകേട്ടതാണ് പിഗ്മി ആടുകൾ. അപൂർവ്വമായി 21 ഇഞ്ച് (53 സെ.മീ) ഉയരം ഇവയ്ക്ക് വെക്കാറുണ്ട്. പക്ഷേ കറുമ്പിയുടെ വലിപ്പം അതിലും ചെറുതാണ്. അവൾക്ക് 1.4 അടി (42.7 സെന്റീ മീറ്റർ) മാത്രമേ ഉയരമുള്ളൂ, അതേസമയം അവളുടെ നീളം വെറും 1.1 അടി (33.5 സെന്റീ മീറ്റർ) ആണ്.
2021 ലാണ് കറുന്പി ജനിക്കുന്നത്. സഹ വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് ആസ്വദിക്കുന്ന കറുന്പിക്കൊപ്പം മൂന്ന് ആൺ ആടുകൾ, ഒമ്പത് പെൺ ആടുകൾ, 10 ആട്ടിൻ കുട്ടികൾ, പശുക്കൾ, മുയലുകൾ, കോഴികൾ, താറാവുകൾ എന്നിവരെല്ലാമുണ്ട്.
വലുപ്പമില്ലെങ്കിലും കറുന്പി ഊർജസ്വലയാണ്. കൂടെയുള്ളവർക്കൊപ്പം കളിച്ചു ചിരിച്ചു നടക്കുന്ന മിടുക്കിയാണ്. കാർഷിക പാരന്പര്യമുള്ള കർഷകനായ പീറ്റർ ലെനു തന്റെ ഫാമിലുള്ള മൃഗങ്ങളുടെ ജനിതക പ്രത്യേകതകൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവാണ്.
കറുന്പി ലോക റിക്കാർഡിന് അർഹയാണെന്നുള്ള തോന്നൽ വന്നതോടെ പീറ്റർ ആദ്യം ഒരു മൃഗ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് അവളുടെ ഉയരം അയളന്നു പ്രായം സ്ഥിരീകരിച്ചു അവൾക്ക് പ്രായപൂർത്തിയായെന്ന് ഉറപ്പു വരുത്തി. മാത്രവുമല്ല പൂർണ്ണവളർച്ചയെത്തിയ കറുന്പിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഉറപ്പുവരുത്തി.
കറുന്പി റിക്കാർഡിന് അർഹയാണെന്നറിഞ്ഞപ്പോൾ അതിയായസന്തോഷം തോന്നിയെന്ന് പീറ്റർ പറഞ്ഞു. ഒരു കർഷകനെന്ന നിലയിൽ ഈ അവാർഡ് ഏറെ അഭിമാനകരമാണ്. ഇത് എല്ലാ കർഷകർക്കായും സമർപ്പിക്കുന്നുവെന്നും അദ്ദഹം പറഞ്ഞു.