കൈവിട്ട കളി; ടിക് ടോക് ചലഞ്ചിൽ ഏഴു വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു
Thursday, March 20, 2025 4:13 PM IST
സമൂഹമാധ്യമങ്ങളിൽ വിവിധതരത്തിലുള്ള ചലഞ്ചുകളാണ് ഓരോ ദിവസവും അരങ്ങേറുന്നത്.അതിൽ കുട്ടികളുടെ വിവിധ ഗെയിമുകളും ഉൾപ്പെടും. അടുത്തിടെ വൈറലായ ഒരു ടിക് ടോക് ചലഞ്ച് ചെയ്യുന്നതിനിടെ ഗുരുതരമായിപൊള്ളലേറ്റ ഏഴു വയസുകാരി കോമയിലായി ചികിത്സയിലാണ്.
മിസോറിയിലെ ഫെസ്റ്റസില്‍ നിന്നുള്ള കുട്ടിക്കാണ് പരിക്കേറ്റത്. അൽപ്പം തീവ്രമായ പൊള്ളലാണ് കുട്ടിക്ക് പറ്റിയതെന്നും അത് മൂന്ന് ഡിഗ്രിയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നീഡോ ക്യൂബ് എന്ന കളിപ്പാട്ടമാണ് കുട്ടിയുടെ മുഖത്തിനടുത്തു വെച്ച് പൊട്ടിത്തെറിച്ചത്. ഈ ക്യൂബിന്റെ ആകൃതി മാറ്റുന്ന പലതരം ചലഞ്ചുകളുണ്ട്. അതിലൊന്ന് ചെയ്യുന്നതിനായാണ് സ്കാർലെറ്റ് സെൽബി എന്ന ഏഴു വയസുകാരി തന്റെ ഫ്രീസ് ചെയ്ത നീഡോ ക്യൂബിനെ മൈക്രേവേവ് ഓവനിൽ വെച്ച് ചൂടാക്കിയത്.
അതിനുശേഷം പുറത്തെടുത്ത ക്യൂബിന്റെ ആകൃതി മാറ്റാനുള്ള ശ്രമത്തിനിടയിലാണ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്. മകളുടെ നിലവിളി കേട്ട് പിതാവ് ജോഷ് സെല്‍ബി എത്തുമ്പോൾ നെഞ്ചിലും മുഖത്തും പറ്റിപ്പിടിച്ച പ്ലാസ്റ്റിക്കുകൾ കത്തുന്നുണ്ടായിരുന്നു. വസ്ത്രത്തിലും ശരീരത്തിലും പറ്റിപ്പിടിച്ച് കത്തുന്ന പ്ലാസ്റ്റിക്കുകൾ പെട്ടന്നു തന്നെ നീക്കി.
ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. വായ്ക്ക് സമീപം പൊള്ളലേറ്റതിനാൽ അത് ശ്വാസനാള വീക്കത്തിന് കാരണമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. അതുകൊണ്ട് കുട്ടിയെ മെഡിക്കല്‍ കോമയിലാക്കി. കുഞ്ഞിന്റെ മുഖത്തെ പൊള്ളിയ പാടുകൾ പോകാന്‍ 12 വയസുവരെ കാത്തിരിക്കണമെന്നാണ് ഡോക്ടർമാര്‍ പറഞ്ഞത്.