റിട്ടയർമെന്റ് ലൈഫ് ശരിക്കൊന്നു ആസ്വദിക്കണം അതുകൊണ്ട് 23ാം വയസിൽ അങ്ങു വിരമിച്ചു
Thursday, March 20, 2025 10:12 AM IST
നമ്മുടെ നാട്ടിലൊക്കെ റിട്ടയർമെന്റ് പ്രായം എന്നത് 55 വയസു കഴിഞ്ഞുള്ള കാര്യമാണ്. അപ്പോഴേക്കും പ്രായത്തിന്റെ അവശകതകൾ, ഇത്രയും നാളും അദ്ധ്വാനിച്ചതിന്റെ ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടാകും. റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാം എന്നു കരുതിയാലും അത് അത്ര സുഖകരമായ ആസ്വാദനം ആയിരിക്കില്ല.
എന്നാൽ റിട്ടയർമെന്റ് ലൈഫ് ശരിക്കൊന്നു ആസ്വദിക്കണമെന്നു ആഗ്രഹിച്ച ഒരു യുവാവ് തന്റെ 23ാമത്തെ വയസിൽ റിട്ടയർ ചെയ്തു. അതും വെറും റിട്ടയർമെന്റല്ല പെൻഷനടക്കം എല്ലാ ആനുകൂല്യങ്ങളോടും കൂടിയ റിട്ടയർമെന്റ്. ഈ റിട്ടയർമെന്റ് ഇന്റർനാഷണൽ റിക്കാർഡ് രജിസ്ട്രേഷൻ ഏജൻസിയിലും ഇടം നേടിയിരിക്കുകയാണ്.
പവൽ സ്റ്റെപ്ചെങ്കോ എന്നാണ് ഈ റഷ്യൻ യുവാവിന്റെ പേര്. റഷ്യൻ വിദേശകാര്യമന്ത്രാലയത്തിലായിരുന്നു ജോലി. പതിനാറാം വയസിൽ പവൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരുന്നത്. അഞ്ചു വർഷം അദ്ദേഹം പഠിച്ചു. അതിനുശേഷം 21ാമത്തെ വയസിൽ അവിടെത്തന്നെ ഒരു വകുപ്പിൽ യുവാവിനു ലഭിച്ചു.
അങ്ങനെ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് നേരത്തെ റിട്ടയർചെയ്താലോ എന്നു തീരുമാനിക്കുന്നത്. അതിനായി അദ്ദേഹം രണ്ടു വർഷം കഠിനാധ്വാനം ചെയ്തു. 2023 നവംബറിൽ വിരമിക്കാനുള്ള അപേക്ഷ നൽകി. ഒടുവിൽ അപേക്ഷ സ്വീകരിക്കുകയും റിട്ടയർ ചെയ്തിരിക്കുകയുമാണ്. റഷ്യയുടെ നാഷണൽ റെക്കോർഡ് ബുക്കിലും ഈ യുവാവിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.