ലോകത്തിലെ ഏറ്റവും വില കൂടിയ നായ ഏതാണ്? ഇന്ത്യയിലുണ്ടോ ഇത്തരം നായകൾ
Wednesday, March 19, 2025 2:59 PM IST
ലോകത്ത് എത്രയോ ഇനം നായ്ക്കളുണ്ട്. അവയിൽ വില കൂടിയതും വില കുറഞ്ഞതുമുണ്ട്. സുന്ദരന്മാരും സുന്ദരികളുമുണ്ട്. ഓമനത്തം തോന്നുന്നവയും പേടിപ്പെടുത്തുന്നവയുമുണ്ട്. പക്ഷേ, ഇവയിൽ ഓരോന്നിനെയും ഇഷ്ടപ്പെടുന്നവരും വളർത്തുന്നവരുമാണ് മനുഷ്യർ.
എന്നാലും ലോകത്തിലെ ഏറ്റവും വില കൂടിയ നായ ഏതായിരിക്കുമെന്ന് അറിയാമോ? അങ്ങനെയൊരു ബ്രീഡുണ്ട് പേര് കഡാബോംബ് ഒകാമി എന്നാണു പേര്. ഒരു ഇന്ത്യൻ ബ്രീഡാണ് കക്ഷി. വിലയെത്രയാണെന്നു കേട്ടാലോ? ഏകദേശം 50 കോടി രൂപ.
കാഡബോംബ് ഒകാമി ഒരു ചെന്നായയുടെയും ഒരു കൊക്കേഷ്യൻ ഷെപ്പേർഡിന്റെയും സങ്കരയിനമാമ്. ഇതിനകം തന്നെ സെലിബ്രിറ്റി പദവി നേടിയിട്ടുമുള്ള ആളാണ്. പലപ്പോഴും വലിയ പരിപാടികളിലും മറ്റും വിഐപിയെപ്പോലെ പ്രത്യക്ഷപ്പെടാറുണ്ട്.
എട്ട് മാസം മാത്രം പ്രായമുള്ള, 75 കിലോഗ്രാം ഭാരമുള്ള, 30 ഇഞ്ച് ഉയരമുള്ള ഈ അപൂർവ നായയെ കാണാൻ ആളുകൾക്കും ആവേശമാണ്. റിപ്പോർട്ടുകൾ പ്രകാരം ഇത് ദിവസവും 3 കിലോഗ്രാം കോഴിയിറച്ചി കഴിക്കുന്നു. ബെംഗളൂരുവിൽ നിന്നുള്ള പ്രശസ്ത നായ ബ്രീഡറായ എസ് സതീഷാണ് ഈ നായയുടെ ഉടമ.
അപൂർവ ഇനം നായ്ക്കളെ ശേഖരിക്കുന്നതിലൂടെ അദ്ദേഹം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്, കൂടാതെ 150-ലധികം വ്യത്യസ്ത നായ ഇനങ്ങളുടെ ഉടമയുമാണ്. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷന്റെ പ്രസിഡന്റു കൂടിയാണ് സതീഷ്.
ഫെബ്രുവരിയിൽ ഒരു ഇന്ത്യൻ ബ്രോക്കർ വഴിയാണ് അദ്ദേഹം ഒകാമി വാങ്ങിയത്, ഇത് ഒരു യഥാർത്ഥ ചെന്നായയെപ്പോലെ തോന്നിക്കുന്ന ഒരു പ്രത്യേക തരം നായയാണ്. കൊക്കേഷ്യൻ ഷെപ്പേർഡ് നായ്ക്കൾ ശക്തരും രോമമുള്ളവരുമാണ്. ജോർജിയ, അർമേനിയ, അസർബൈജാൻ, റഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു.
പർവതപ്രദേശങ്ങളിലെ ചെന്നായ്ക്കളിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കാൻ ഈ ശക്തരായ കാവൽ നായ്ക്കളെ ഉപയോഗിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, അപൂർവ ഇനം നായ്ക്കളെ പരിപാടികളിൽ പ്രദർശിപ്പിച്ചുകൊണ്ട് സതീഷ് പണം സമ്പാദിക്കുന്നു. പ്രത്യേകതയുള്ള നായ്ക്കളുമായി ഇടപെടാൻ 30 മിനിറ്റിന് 2.5 ലക്ഷം രൂപയും അഞ്ച് മണിക്കൂറിന് 10 ലക്ഷം രൂപയും വരെ അദ്ദേഹം ഈടാക്കുന്നുണ്ടെന്നുമാണ് സൂചന