പ്രായം വെറും 39; പക്ഷേ, ആളൊരു മുത്തശിയാണ്
Tuesday, March 18, 2025 4:10 PM IST
നമ്മുടെ നാട്ടിലെ മുത്തശിമാരെ കണ്ടാൽ എങ്ങനെയിരിക്കും പ്രായത്തിന്റേതായ എല്ലാ ബുദ്ധിമുട്ടുകളും നേരിടുന്ന ശരീരത്തിൽ നരയും ചുളിവുകളുമൊക്കെ വീണിട്ടുള്ളവരായിരിക്കും. എന്നാൽ ചൈനയിൽ നിന്നുള്ള ഒരു മുത്തശിയെ കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
പ്രായം വെറും മുപ്പത്തൊന്‍പത് കണ്ടാൽ കുഞ്ഞിന്റെ അമ്മയാണെന്നേ തോന്നൂ.
ചൈനയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ അന്ഹുയിലെ സുചൌവില് നിന്നുള്ള യുവതിയുടെയും പേരകുട്ടിയുടെയും വീഡിയോയാണ് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോയില്‍ യുവതി തന്റെ പേരകുട്ടിക്ക് ഭക്ഷണം നല്‍കുകയാണ്. എന്നാൽ, വീഡിയോയിലുള്ളത് കുട്ടിയുടെ അമ്മയല്ലെന്നും മുത്തശ്ശിയാണെന്നുമുള്ള യാഥാര്‍ത്ഥ്യം പക്ഷേ, വീഡിയോ കണ്ടവരൊന്നും അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
യുവതി ജനിച്ചത് 1985 ലാണെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് യുവതിക്ക് ഇപ്പോൾ പ്രായം 39 വയസ്. മുടി പോണിടെയില്‍ കെട്ടി ചെറിയ മേക്കപ്പോടെ യുവത്വം നിറഞ്ഞു നിൽക്കുന്ന മുഖഭാവത്തോടെയാണ് യുവതി തന്റെ പേരകുട്ടിയ്ക്ക് ചിരിച്ച് കൊണ്ട് ഭക്ഷണം നല്‍കുന്നത്.
വീഡിയോയില്‍ കുട്ടിയെയും എടുത്ത് വീട്ടിലെ ജോലികൾ ചെയ്യുന്നതും കുട്ടിയുടെ നാപ്കിന് മാറ്റുന്നതുംകുഞ്ഞിന്റെ മറ്റ് ആവശ്യങ്ങൾക്കായും ഭക്ഷണം ഉണ്ടാക്കാനായും ഓടി നടക്കുന്ന യുവതിയെ കാണാം.
യുവതിയുടെ ആദ്യ പേരകുട്ടിയാണ് ചിത്രത്തിലുള്ളതെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിനിടെ യുവതിയുടെ മരുമകൾ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഇരുവരുടെയും പ്രായം എത്രയാണെന്ന ചോദ്യവുമായി നിരവധി ആളുകളെത്തിയിട്ടുണ്ട്.