"പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ' പറ്റിക്കാൻ ചെന്നതാ കയ്യിലെ കാശും പോയി മണ്ടനാണെന്ന് നാട്ടുകാരെല്ലാം അറിഞ്ഞു
Tuesday, March 18, 2025 11:20 AM IST
സിബിഐയിൽ നിന്നുമാണ് അല്ലെങ്കിൽ പോലീസാണ് എന്നൊക്കെ പറഞ്ഞ് വിളിച്ച് ആളുകളെ പറ്റിക്കുകയും അവരുടെ പക്കലുള്ള പണം കൈക്കലാക്കുകയും ചെയ്യുന്ന തട്ടിപ്പുകൾ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. സർക്കാരടക്കം ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടും ദിവസവും ഇങ്ങന തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല. പക്ഷേ, തന്നെ പറ്റിക്കാൻ വന്നവനെ പറ്റിച്ചു വിട്ടിരിക്കുകയാണ് ഒരാൾ.
മാർച്ച് ആറിന് ഭൂപേന്ദ്ര സിംഗിന് ഒരു കോൾ ലഭിച്ചു. വിളിച്ചയാൾ വളരെ ഗൗരവമുള്ള ശബ്ദത്തിലാണ് സംസാരിച്ചത്. താൻ ഒരു സിബിഐ ഉദ്യോഗസ്ഥനാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. പക്ഷേ, ഭൂപേന്ദ്രയ്ക്ക് ഒരൊറ്റ വാചകത്തിലൂടെ ആ മനുഷ്യൻ ഒരു സൈബർ തട്ടിപ്പുകാരനാണെന്നും വ്യാജ ഐഡന്റിറ്റി സൃഷ്ടിക്കുന്നയാളാണെന്നും പെട്ടെന്ന് മനസ്സിലായി.
പക്ഷേ, മനസിലാകാത്തതുപോലെ തന്നെ പെരുമാറിയതോടെ തട്ടിപ്പുകാരൻ അൽപ്പം കൂടി സ്വരം കടുപ്പിച്ചു. "നിങ്ങളുടെ അശ്ലീല വീഡിയോകൾ ഞങ്ങളുടെ കൈവശമുണ്ട്, നിങ്ങൾക്കെതിരെ ഇതിനകം ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.' ആഹാ ഇവനാണ് കൊള്ളാമല്ലോ, സൈബർ കുറ്റവാളിയുടെ ആത്മവിശ്വാസം കണ്ട ഭൂപേന്ദ്ര സിംഗ് മനസിലോർത്തു.
എങ്കിൽപ്പിന്നെ ഇവനിട്ട് ഒരു പണികൊടുത്തിട്ടു തന്നെ കാര്യം എന്നു തീരുമാനിച്ച ഭൂപേന്ദ്ര സിംഗ് എതിരാളിയെക്കാൾ മികച്ച പ്ലാൻ തയ്യാറാക്കി. തട്ടിപ്പിനായി വിളിച്ചയാൾ ഭൂപേന്ദ്രയോട് പറഞ്ഞു കേസ് അവസാനിപ്പിക്കാൻ 16000 രൂപ നൽകണം. ഭൂപേന്ദ്ര സിംഗിനെതിരെയുള്ള അശ്ലീല വീഡിയോ കേസിന്റെ വ്യാജ എഫ്ഐആർ പകർപ്പ് പോലും അദ്ദേഹം അയച്ചുകൊടുത്തിരുന്നു.
ഭൂപേന്ദ്ര സിംഗ് എല്ലാം കേട്ടു. അയാൾ ആവശ്യപ്പെട്ട പണം നൽകാമെന്നും സമ്മതിച്ചു. തുടർന്ന് ഭൂപേന്ദ്ര സിംഗ് ഒരു കഥ പറഞ്ഞു, താൻ ഒരു സ്വർണ്ണ മാല പണയം വച്ചിട്ടുണ്ടെന്നും അത് വീണ്ടെടുക്കാൻ 3000 രൂപ വേണമെന്നും തട്ടിപ്പുകാരനോട് പറഞ്ഞു. സൈബർ തട്ടിപ്പുകാരൻ അതിൽ വീണു, അയാളുടെ ബാങ്ക് അക്കൗണ്ടിലെ തുക അയാൾ ഭൂപേന്ദ്ര സിംഗിനു അയച്ചുകൊടുത്തു. അതിനുശേഷം ഭൂപേന്ദ്ര സിംഗ് പറഞ്ഞു. ഞാൻ ജ്വല്ലറിയിൽ പോയി പക്ഷേ, ജ്വല്ലറിക്കാരൻ ഞാൻ പ്രായപൂർത്തിയാകാത്ത ആളാണെന്ന് കരുതി മാതാപിതാക്കളെ വിളിക്കാൻ ആവശ്യപ്പെട്ടുവെന്ന് തട്ടിപ്പുകാരനെ അറിയിച്ചു. അതുകൊണ്ട് ഭൂപേന്ദ്ര സിംഗിന്റെ പിതാവിനെപ്പോലെ സംസാരിക്കാൻ അയാൾ തട്ടിപ്പുകാരനോട് ആവശ്യപ്പെട്ടു. ഇതൊന്നും നാടകം ആണെന്നറിയാതെ തട്ടിപ്പുകാരൻ സംസാരിക്കുകയും വീണ്ടും 4,500 രൂപ കൂടി നൽകുകയും ചെയ്തു.
ഇത്രയൊക്കെ ചെയ്തശേഷം തട്ടിപ്പുകാരൻ ഭൂപേന്ദ്ര സിംഗിനോട് തന്റെ പണവും താൻ ആവശ്യപ്പെട്ട പണവും തിരികെ നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ, ഭൂപേന്ദ്ര ഒഴിഞ്ഞുമാറി. മാർച്ച് 10 ന് തട്ടിപ്പുകാരൻ വീണ്ടും ഭൂപേന്ദ്രയെ വിളിച്ച് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, ഭൂപേന്ദ്ര പുതിയൊരു ഒഴികഴിവ് പറഞ്ഞു. അതിനായി പറഞ്ഞ കഥ ചെയിൻ പണയം വച്ചാൽ 1,10,000 രൂപ വരെ വായ്പ ലഭിക്കുമെന്നും എന്നാൽ അതിന് 3,000 രൂപ പ്രോസസ്സിംഗ് ഫീസ് നൽകേണ്ടിവരുമെന്നുമായിരുന്നു.
ഇതുകേട്ട തട്ടിപ്പുകാരൻ 3,000 രൂപ കൂടി അയച്ചു. മൊത്തത്തിൽ തട്ടിപ്പുകാരൻ ഭൂപേന്ദ്ര സിംഗിന് 10,000 രൂപ അയച്ചു. ഒടുവിൽ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു പോയി എന്ന് തട്ടിപ്പുകാരൻ മനസിലാക്കി. "നീ എന്നോട് തെറ്റ് ചെയ്തു. ദയവായി എന്റെ പണം തിരികെ തരൂ" എന്ന് അയാൾ അപേക്ഷിച്ചു. ഭൂപേന്ദ്ര സിംഗ് പക്ഷേ, പണം തിരികെ നൽകിയതേയില്ല. ഈ സംഭവത്തിന് ശേഷം ഭൂപേന്ദ്ര പോലീസിനെ കാര്യങ്ങൾ അറിയിക്കുകയും തട്ടിപ്പുകാരന്റെ പക്കൽ നിന്നും ലഭിച്ച പണം ആവശ്യമുള്ള ആർക്കെങ്കിലും ദാനം ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു.