റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കൗമാരക്കാര്‍ സൂപ്പിൽ മൂത്രമൊഴിച്ചു!
Monday, March 17, 2025 2:55 PM IST
ചൈനയിൽ ഭക്ഷണം കഴിക്കാൻ റസ്റ്ററന്റിലെത്തിയ 17 വയസുള്ള രണ്ടു കൗമാരക്കാര്‍ തങ്ങളുടെ സൂപ്പിൽ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായി. പ്രശസ്തമായ ഹൈഡിലാവോ റസ്റ്ററന്റിന്റെ ഷാങ്ഹായ് നഗരത്തിലെ ഔട്ട്ലറ്റിലായിരുന്നു ചൈനീസ് പയ്യന്മാരുടെ കുസൃതി അരങ്ങേറിയത്. റസ്റ്ററന്റിലെ സ്വകാര്യ മുറിയിലിരുന്നു ഭക്ഷണം കഴിച്ച ഇരുവരും തങ്ങളുടെ സൂപ്പിലേക്കു പരസ്പരം മൂത്രമൊഴിക്കുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.
വീഡിയോ പുറത്തുവന്നതോടെ റസ്റ്ററന്റ് അധികൃതർക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉപഭോക്താക്കളിൽനിന്നുയർന്നത്. ഇതോടെ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഹൈഡിലാവോ ഉടമകൾ ക്ഷമാപണം നടത്തി. സംഭവദിവസം തങ്ങളുടെ ഉപഭോക്താക്കളായ 4,000 ത്തിലധികം പേർക്കു നഷ്ടപരിഹാരം നല്‍കുമെന്നും അവർ അറിയിച്ചു. ഇതുസംബന്ധിച്ച പ്രസ്താവനയിൽ സംഭവം നടന്നത് തങ്ങളുടെ റസ്റ്ററന്റിൽ ആണെന്നു ഹൈഡിലാവോ സമ്മതിച്ചു. ഫെബ്രുവരി 24നു നടന്ന സംഭവം നാല് ദിവസത്തിനുശേഷമാണ് അറിഞ്ഞതെന്നും അതാണു നഷ്ടപരിഹാരം താമസിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നു. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു. സൂപ്പിൽ മൂത്രമൊഴിച്ച കുട്ടികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കെതിരേ കേസെടുത്തതായും ഷാങ്ഹായി പോലീസ് അറിയിച്ചു.