ജ്യൂസ് ഇങ്ങോട്ട് ഫോൺ അങ്ങോട്ട്; കുരങ്ങൻ കൈക്കലാക്കിയ ഫോണിനു വേണ്ടി ഒരു കൈവിട്ട കളി
Monday, March 17, 2025 2:43 PM IST
വിനോദ സഞ്ചാരത്തിനും മറ്റും പോകുന്പോൾ കുരങ്ങന്മാരുള്ള പ്രദേശമാണെങ്കിൽ അവിടെ പ്രത്യേക അറിയിപ്പുണ്ടാകും. കയ്യിലിരിക്കുന്ന വസ്തുക്കൾ സ്വയം സൂക്ഷിക്കുക. കാരണം കുരങ്ങന്മാർ അൽപ്പം വികൃതികളാണല്ലോ. അവർ കാണുന്നതൊക്കെ കൈക്കലാക്കും. കൗതുകത്തിന് തിരിച്ചും മറിച്ചു നോക്കും പിന്നെ ഒരൊറ്റ ഏറ് എറിയും.
വൃന്ദാവനെന്ന സ്ഥലത്തെ ഒരു വികൃതിയായ കുരങ്ങൻ, വിലകൂടിയ സാംസങ് എസ് 25 അൾട്രായാണ് കൈക്കലാക്കിയത്. പുള്ളി ഫോൺ തിരിച്ചു കൊടുക്കാൻ തയ്യാറാണ്. പക്ഷേ, പകരമായി മാമ്പഴ ജ്യൂസ് ലഭിക്കണം.
ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, ബാൽക്കണിയിൽ ഇരിക്കുന്ന കുരങ്ങൻ ഫോണിൽ മുറുകെ പിടിക്കുന്നത് കാണാം. അതേസമയം, താഴെയുള്ള മൂന്ന് പേർ അത് വീണ്ടെടുക്കാൻ തീവ്രമായി ശ്രമിക്കുന്നു.
കുരങ്ങനുമായി ഒരു സന്ധിയിലെത്താൻ അവർ ഒന്നിലധികം പായ്ക്കറ്റ് ഫ്രൂട്ടി കുരങ്ങിനു നേരെ എറിയുന്നു. പക്ഷേ, ഒരു ഫ്രൂട്ടി നേരിട്ട് കൈകളിൽ എത്തുന്നതുവരെ ബുദ്ധിമാനായ മൃഗം അവരുടെ ശ്രമങ്ങളെ അവഗണിക്കുന്നു.
എന്നാൽ ഒരു പാക്കറ്റ് കയ്യിൽ കിട്ടിയതോടെ ഒരു മടിയും കൂടാതെ, കുരങ്ങൻ പാനീയം എടുത്ത് ഫോൺ തിരികെ എറിയുന്നു ഏറ്റവും രസകരമായ രീതിയിൽ ഇടപാട് പൂർത്തിയാക്കുന്നു. "മനുഷ്യ-മൃഗ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വ്യാപാരം" എന്നാണ് വീഡിയോ കണ്ടവർ ഇതിനെ വിശേഷിപ്പിച്ചത്. കുരങ്ങിന്റെ ബുദ്ധിശക്തിയിൽ പലരും ആകൃഷ്ടരായിട്ടുണ്ട്. അതിന്റെ വിലപേശൽ കഴിവുകളെക്കുറിച്ചും പലരും തമാശയായി കമന്റ് ചെയ്തിട്ടുണ്ട്.