ഈ ചോദ്യത്തിനുത്തരം പറയാൻ എനിക്കു ബുദ്ധിമുട്ടുണ്ട്, ഇന്റർവ്യൂ തുടങ്ങിയപ്പഴേ ഇറങ്ങിപ്പോയി യുവാവ്
Friday, March 14, 2025 4:07 PM IST
ജോലിക്കും മറ്റുമായുള്ള അഭിമുഖങ്ങൾക്കിടയിലെ രസകരമായ പലതും വാർത്തയാകാറുണ്ടല്ലോ?. അത്തരത്തിലൊരു സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. റെഡിറ്റിൽ വന്ന ഒരു കുറിപ്പാണിത്.
ഒരു ജോലി അഭിമുഖത്തിനിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്.
അഭിമുഖത്തിനെത്തിയപ്പോൾ മുതലുള്ള അപാകതകളെക്കുറിച്ച് വിവരിക്കുന്നുണ്ട് അദ്ദേഹം.
രാവിലെ 9 മണിക്കായിരുന്നു ഇന്റർവ്യു. ഇന്റർവ്യുവിനു ഓടിക്കിതച്ച് കൃത്യസമയത്ത് എത്തുന്നതു ശരിയല്ലെന്നാണല്ലോ പറയാറ്. ഇദ്ദേഹം അരമണിക്കൂർ മുന്നേ എത്തി.
പക്ഷേ, കാര്യമൊന്നുമുണ്ടായില്ല. കൃത്യസമയത്ത് തുടങ്ങിയില്ലെന്നു മാത്രമല്ല ഒരുമണിക്കൂർ താമസിച്ചാണ് ഇന്റർവ്യൂ നടന്നത്. ഇത്രയും താമസം ഉണ്ടായിട്ടും അഭിമുഖത്തിനു വിളിച്ചവർ എന്തുകൊണ്ടു താമസിക്കുന്നുവെന്ന് പറയുകയോ വൈകിയതിൽ ക്ഷമാപണം പറയുകയോ ചെയ്തില്ലെന്നും അദ്ദേഹം പറയുന്നു.
അഭിമുഖത്തിനായി അകത്തേക്കു വിളിച്ചിട്ടും അവരുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റം മോശമായിരുന്നുവെന്നും യുവാവ് പറയുന്നു. അവിടെ ചെന്നപ്പോൾ താൻ അവിടെ ഇരിക്കുന്നുണ്ടെന്നറിയാത്തപോലെയായിരുന്നു എച്ച്ആറിൽ നിന്നുള്ള പെരുമാറ്റം. എന്നെ അവിടെ ഇരുത്തിക്കൊണ്ട് ഫോൺ വിളികൾ നടത്തുകയായിരുന്നു അദ്ദേഹം.
ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോഴാകട്ടെ തന്റെ നിക്ക്നെയിമിനെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം. അടുത്തതായി അച്ഛന്റെ ജോലി ചോദിച്ചു. അച്ഛന് ഒരു പ്രൈവറ്റ് ഇലക്ട്രോണിക്സ് കമ്പനിയിലാണ്
ജോലി എന്നു പറഞ്ഞപ്പോൾ അത് എവിടെയാണെന്ന് കൃത്യമായി പറയാൻ ആവശ്യപ്പെട്ടു.
അപ്പോൾ താൻ, 'സോറി മാം ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ല, ഇത് എന്റെ ജീവിതത്തിലെ സ്വകാര്യമായ കാര്യമാണ്' എന്ന് പറഞ്ഞു. "ഇതിന് ഉത്തരം നൽകാൻ കഴിയ്യില്ലെങ്കിൽ അഭിമുഖം തുടരാൻ കഴിയില്ല' എന്നായിരുന്നു അവരുടെ മറുപടി. ഇതു കേട്ടതോടെ താൻ അവിടെ നിന്നും
ഇറങ്ങിപ്പോരുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
യുവാവിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധിപ്പേരാണ് എത്തിയത്. ഇത് ഒട്ടും പ്രൊഫഷണലല്ലാത്ത സമീപനമാണെന്നായിരുന്നു കൂടുതലാളുകളുടെയും അഭിപ്രായം.