എന്റമ്മോ എന്തൊരു വില, ഇതെന്താ സ്വർണം കൊണ്ടുണ്ടാക്കിയതാണോ? പലഹാരത്തിന്റെ വില കേട്ട് ഞെട്ടി
Friday, March 14, 2025 11:08 AM IST
ഹോളി നിറങ്ങൾക്കൊപ്പം തന്നെ മധുരത്തിന്റെയും ആഘോഷമാണ്. പക്ഷേ, ഈ മധുരത്തിന്റെ വില അൽപ്പം കൂടുതലല്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്നുള്ള "ഗോൾഡൻ ഗുജിയ" എന്ന പലഹാരമാണ് വില കൊണ്ട് ആളുകളെ ഞെട്ടിക്കുന്നത്. കിലോയ്ക്ക് 50,000 രൂപ. ഒരെണ്ണത്തിന് 1300 രൂപ. ഇതെന്താ സ്വർണം കൊണ്ടുണ്ടാക്കിയതാണോ ഇത്ര വില വാങ്ങിക്കാൻ എന്നായിരിക്കും വില കേൾക്കുന്പോൾ ചിന്തിക്കുന്നത്.
എന്നാൽ, സ്വർണം കൊണ്ടുണ്ടാക്കിയതു തന്നെയാണ്. എഎൻഐയോട് സംസാരിച്ച കടയുടെ മാനേജർ ശിവകാന്ത് ചതുർവേദിയാണ് ഞെട്ടിപ്പിക്കുന്ന വിലയ്ക്കു പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ഗോൾഡൻ ഗുജിയയിൽ 24 കാരറ്റ് സ്വർണത്തിന്റെ ലെയറുണ്ട്. കൂടാതെ, സ്പെഷ്യൽ ഡ്രൈഫ്രൂട്ടുകളും ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാലാണ് ഇത്രയും വില.
ഞങ്ങളുടെ 'ഗോൾഡൻ ഗുജിയ'യിൽ 24 കാരറ്റ് സ്വർണം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. സ്റ്റഫിംഗിൽ പ്രത്യേക ഡ്രൈ ഫ്രൂട്ട്സ് ഉണ്ട്. ഇരുപത്തിനാല് കാരറ്റ് സ്വർണ്ണവും വെള്ളിയും കഴിക്കാവുന്നതാണ്. ഈ 'ഗുജിയയ്ക്ക് കിലോഗ്രാമിന് 50,000 രൂപയും ഒരു കഷണത്തിന് 1300 രൂപയുമാണ് വിലയെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത ഗുജിയകൾ സാധാരണയായി ഖോയ, നട്സ്, ഉണക്കിയ പഴങ്ങൾ എന്നിവ നിറച്ച മധുരമുള്ള പലഹാരമാണ്. ഇതിൽ ഭക്ഷ്യയോഗ്യമായ സ്വർണം, വെള്ളി എന്നിവകൊണ്ടുള്ള ഇലയുടെ ആകൃതിയിലുള്ള ഡിസൈനുണ്ടാകും.
ഗോൾഡൻ ഗുജിയയുടെ വില സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിയാളുകൾ കമന്റുകളുമായി എത്തി. ഇത് സ്വർണം കൊണ്ടുണ്ടാക്കിയതാണോ എന്നാണ് ഒരാൾ ചോദിച്ചത്.
"ഇത് കഴിക്കാൻ ഉള്ളതാണോ അതോ അലമാര ലോക്കറിൽ അലങ്കാരമായി സൂക്ഷിക്കാൻ ഉള്ളതാണോ?" എന്നാണ് ഒരാൾ ചോദിച്ചത്.