നവജാതശിശുവിന് 6 കിലോ തൂക്കം! അന്പരന്ന് നഴ്സുമാരും അമ്മയും
Wednesday, March 12, 2025 2:51 PM IST
ആറു കിലോഗ്രാമോളം (13 പൗണ്ട്) തൂക്കംവരുന്ന കുഞ്ഞിന് ഇംഗ്ലണ്ടുകാരി ജന്മം നൽകി. ബർമിംഗ്ഹാമിൽനിന്നുള്ള ഡെലിവറി ഡ്രൈവറായ പമേല മെയിനാണു കുഞ്ഞിന്റെ അമ്മ.
ജനനസമയത്ത് കുഞ്ഞിനെ കണ്ട നഴ്സുമാരെല്ലാം എന്റെ ദൈവമേ എന്നു പറഞ്ഞെന്നും താനും അന്തംവിട്ടുപോയെന്നും പമേല പറയുന്നു. ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുമ്പോൾ സാധാരണ മൂന്നു മൂന്നരക്കിലോയാണു തൂക്കമുണ്ടാവുക.
യുഎസിൽ അലബാമയിലെ ഒരു ആശുപത്രിയിൽ സിസേറിയൻ വഴിയായിരുന്നു അസാധാരണ തൂക്കമുള്ള കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ജനനത്തിന് നാലാഴ്ച മുമ്പ് നടത്തിയ സ്കാനിംഗിൽ ഭാരം എട്ട് പൗണ്ട് ആയിരിക്കുമെന്നാണു കണക്കാക്കിയിരുന്നത്.
പിന്നീട് 10 പൗണ്ടെന്നു തിരുത്തിയെങ്കിലും ജനനസമയത്ത് കുഞ്ഞിന്റെ ഭാരം 13 പൗണ്ടായി വർധിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ 16 ദിവസം മുമ്പായിരുന്നു പിറവി.
കുഞ്ഞിന്റെ ഭാരക്കൂടുതലിന്റെ കാരണമെന്തെന്നു ഡോക്ടർമാർ വ്യക്തമാക്കിയില്ലെന്നു കുഞ്ഞിന്റെ അമ്മ പറയുന്നു. എന്തായാലും തന്റെ കുഞ്ഞ് പ്രശസ്തയായതിൽ സന്തോഷവതിയാണ് അവർ.